< Back
Kerala
വിവാദങ്ങൾക്ക് പിന്നാലെ ഭാസ്‌കര കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ മോചനം മരവിപ്പിച്ചു
Kerala

വിവാദങ്ങൾക്ക് പിന്നാലെ ഭാസ്‌കര കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ മോചനം മരവിപ്പിച്ചു

Web Desk
|
3 April 2025 8:18 AM IST

ബാഹ്യ സമ്മർദ്ദമുണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് നടപടി

തിരുവനന്തപുരം :ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന്‍റെ മോചനം സർക്കാർ മരവിപ്പിച്ചു. ബാഹ്യ സമ്മർദമുണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് മന്ത്രിസഭയുടെ തീരുമാനം മരവിപ്പിച്ചത്.മന്ത്രിസഭാ തീരുമാനം എടുത്ത് രണ്ട് മാസം ആയിട്ടും റിപ്പോർട്ട് ഗവർണർക്ക് കൈമാറിയിട്ടില്ല. ഷെറിൻ ജയിലിൽ വെച്ച് സഹതടവുകാരിയെ കയ്യേറ്റം ചെയ്തതും വിവാദമായിരുന്നു. മോചനം തടയണമെന്ന് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു.ഗവർണർ വിശദീകരണം ചോദിക്കാൻ സാധ്യത ഉണ്ടെന്നും സർക്കാരിന് സൂചന ലഭിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് ഭാസ്കര കാരണവർ വധക്കേസിലെ പ്രതിയായ ഷെറിന് മോചനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. അന്ന് ഈ തീരുമാനം ഉണ്ടായപ്പോൾ തന്നെ വലിയ വിവാദം ഉയർന്നിരുന്നു. പല ഉന്നതരുടെയും സ്വാധീന ഫലമായാണ് ഷെറിന് മോചനത്തിന് വഴിയൊരുങ്ങുന്നത് എന്നായിരുന്നു വിമർശനം. മന്ത്രിസഭാ തീരുമാനം സംബന്ധിച്ച ഫയൽ രണ്ടുമാസം കഴിഞ്ഞിട്ടും ഗവർണർക്ക് അയച്ചിരുന്നില്ല. ഷെറിനെ പുറത്തിറക്കാൻ ഉന്നതറടക്കം ഇടപെട്ടു എന്ന ആരോപണം ഉയർന്നതാണ് പ്രധാന കാരണം.

മോചിപ്പിക്കാനുള്ള തീരുമാനമെടുത്ത ശേഷം സഹതടവുകാരിയെ ആക്രമിച്ച കേസിൽ ഷെറിൻ പ്രതിയായത് മറ്റൊരു പ്രശ്നം. ഇതുകൂടാതെ ഷെറിന് മോചനം നൽകരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജഭവനിലേക്കും പരാതി പോയിരുന്നു. ഈ പരാതിയിൽ ഗവർണർ വിശദീകരണം ചോദിക്കുമെന്ന സൂചനയും സർക്കാരിന് കിട്ടി. ദീർഘകാലമായി ജയിലിൽ കഴിയുന്ന തടവുകാരെ വിട്ടയക്കാനുള്ള മറ്റ് ശിപാർശകളും ഇതോടെ പാതിവഴിയിലായി. ഷെറിന്റെതിനൊപ്പം ഇവരുടെ ശിപാർശകളും അംഗീകാരത്തിനായി ഗവർണർക്ക് കൈമാറിയിട്ടില്ല.

കഴിഞ്ഞ ആഗസ്റ്റിലാണ് കണ്ണൂർ ജില്ലാ ജയിൽ ഉപദേശക സമിതി ഷെറിന്റെ വിടുതലിനു വേണ്ടി ശിപാർശ നൽകിയത്. 14 വർഷം ശിക്ഷ പൂർത്തിയാക്കി എന്നും നല്ല നടപ്പാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ശിപാർശ.


Similar Posts