< Back
Kerala
ബിന്ദു അമ്മിണി, രഹ്ന ഫാത്തിമ, ബീഫ് എന്നീ പേരുകൾ ബോധപൂർവം ശബരിമലക്കൊപ്പം കൂട്ടിച്ചേർത്ത് ആക്രമം അഴിച്ചുവിടാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്; എൻ.കെ പ്രേമചന്ദ്രന് മറുപടിയുമായി ബിന്ദു അമ്മിണി
Kerala

'ബിന്ദു അമ്മിണി, രഹ്ന ഫാത്തിമ, ബീഫ് എന്നീ പേരുകൾ ബോധപൂർവം ശബരിമലക്കൊപ്പം കൂട്ടിച്ചേർത്ത് ആക്രമം അഴിച്ചുവിടാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്'; എൻ.കെ പ്രേമചന്ദ്രന് മറുപടിയുമായി ബിന്ദു അമ്മിണി

Web Desk
|
20 Oct 2025 4:51 PM IST

പ്രേമചന്ദ്രൻ എംപിയുടെ പരാമർശത്തിൽ കോടതിയെ സമീപിക്കുമെന്നും സ്പീക്കർക്കും പൊലീസിനും പരാതി നൽകുമെന്നും ബിന്ദു അമ്മിണി മീഡിയവണിനോട് പറഞ്ഞു

എറണാകുളം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി വർഗീയ ദ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ബിന്ദു അമ്മിണി. അവാസ്തവമായ കാര്യങ്ങളാണ് എംപി പ്രചരിപ്പിക്കുന്നതെന്നും ബിന്ദു അമ്മിണി, രഹ്ന ഫാത്തിമ, ബീഫ് എന്നീ പേരുകൾ ശബരിമലക്കൊപ്പം കൂട്ടിച്ചേർക്കുന്നുവെന്നും ബിന്ദു അമ്മിണി പറഞ്ഞു. എംപിയുടെ പരാമർശത്തിൽ കോടതിയെ സമീപിക്കുമെന്നും സ്പീക്കർക്കും പൊലീസിനും പരാതി നൽകുമെന്നും ബിന്ദു അമ്മിണി മീഡിയവണിനോട് പറഞ്ഞു.

'എൻ.കെ പ്രേമചന്ദ്രനെ വ്യക്തിപരമായി അറിയില്ലെങ്കിലും സമൂഹത്തിൽ ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു എംപിയായിട്ടാണ് കണ്ടിട്ടുള്ളത്. പക്ഷെ അയാൾക്ക് ജനങ്ങളോടോ സമൂഹത്തോടോ മെമ്പർ ആയിട്ടുള്ള ഹൗസിനോടോ യാതൊരുവിധത്തിലുമുള്ള ഉത്തരവാദിത്തവുമില്ല.' ബിന്ദു അമ്മിണി പറഞ്ഞു. സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ സംരക്ഷണം നൽകുക എന്ന കാര്യം മാത്രമാണ് പോലീസ് ചെയ്തിട്ടുള്ളതെന്നും ബിന്ദു അമ്മിണി പറഞ്ഞു. ഇവിടെയുള്ള മുഴുവൻ ആളുകളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് പോലീസിന്റെ കർത്തവ്യമെന്നും ബിന്ദു കൂട്ടിച്ചേർത്തു.

നേരത്തെ താൻ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രേമചന്ദ്രൻ പറഞ്ഞിരുന്നു. പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും പിണറായി സർക്കാർ ശബരിമലയിൽ എത്തിച്ചു എന്നായിരുന്നു പ്രേമചന്ദ്രൻ നടത്തിയ വിവാ​ദ പരാമർശം. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയത് മുഖ്യമന്ത്രിയാണെന്നും എംപി പറഞ്ഞു.

യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയുടെ പന്തളത്ത് സംഘടിപ്പിച്ച സമാപന സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് വിവാദ പരാമർശം നടത്തിയത്. തനിക്കെതിരെ നടക്കുന്ന സിപിഎം സൈബർ സംഘത്തിന്റെ വർഗീയ ആക്രമണങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്നും ആ​ഗോള അയ്യപ്പസം​ഗമത്തിലെ കണക്ക് പ്രസിദ്ധീകരിക്കാൻ സർക്കാരിന് ധൈര്യമുണ്ടോയെന്നും പ്രേമചന്ദ്രൻ ചോദിച്ചു.

Similar Posts