
Photo|Special Arrangement
'ബീഫ് എനിക്ക് ഇഷ്ടമാണ് പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം'; എൻ.കെ പ്രേമചന്ദ്രന് ബിന്ദു അമ്മിണിയുടെ മറുപടി
|പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ച പിണറായി സർക്കാർ വിശ്വാസത്തെ വികലമാക്കിയെന്നുമാണ് പ്രേമചന്ദ്രൻ പറഞ്ഞത്
കോഴിക്കോട്: ശബരിമല യുവതി പ്രവേശന വിഷയത്തിൽ വിവാദ പരാമർശം നടത്തിയ എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് മറുപടിയുമായി ബിന്ദു അമ്മിണി. ബീഫും പൊറോട്ടയും നൽകിയാണ് രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ചതെന്ന എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ പരാമര്ശത്തിനാണ് മറുപടിയുമായി ബിന്ദു അമ്മിണി രംഗത്തെത്തിയത്. ബീഫ് തനിക്ക് ഇഷ്ടമാണ് പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം എന്നാണ് ബിന്ദു അമ്മിണിയുടെ മറുപടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബിന്ദുവിന്റെ പ്രതികരണം.
ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയാണ് എംപിയുടെ പരമാർശം. പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ച പിണറായി സർക്കാർ വിശ്വാസത്തെ വികലമാക്കിയെന്നുമാണ് പ്രേമചന്ദ്രൻ പറഞ്ഞത്. അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും സർക്കാരുമാണ് പമ്പയിൽ കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നും എംപി കുറ്റപ്പെടുത്തി.
'രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉൾപ്പടെയുള്ളവരെ പാലായിലെ റസ്റ്റ് ഹൗസിൽ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസത്തെ വികലമാക്കി, അതിനുശേഷം ആരും കാണാതെ പൊലീസ് വാനിൽ കിടത്തിക്കൊണ്ടുവന്ന് പമ്പയിൽ എത്തിച്ച് മലകയറാൻ നേതൃത്വം കൊടുത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും സർക്കാരുമാണ് പമ്പയിൽ കഴിഞ്ഞദിവസം ആഗോള അയ്യപ്പസംഗമത്തിന് നേതൃത്വം കൊടുത്തത്'- എന്നാണ് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞത്.