< Back
Kerala
ഭക്ഷണം കൊണ്ടുപോയ മകനെ വരെ ചീത്തവിളിച്ചു, മാല കിട്ടിയപ്പോള്‍ നാട് വിട്ടുപോകണമെന്ന് ഭീഷണിപ്പെടുത്തി; എസ്ഐ പ്രസാദിനെതിരെ ബിന്ദുവിന്‍റെ ഭര്‍ത്താവ്
Kerala

'ഭക്ഷണം കൊണ്ടുപോയ മകനെ വരെ ചീത്തവിളിച്ചു, മാല കിട്ടിയപ്പോള്‍ നാട് വിട്ടുപോകണമെന്ന് ഭീഷണിപ്പെടുത്തി'; എസ്ഐ പ്രസാദിനെതിരെ ബിന്ദുവിന്‍റെ ഭര്‍ത്താവ്

Web Desk
|
19 May 2025 1:16 PM IST

പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ക്രൂരപീഡനത്തിനാണ് ബിന്ദു ഇരയായത്

തിരുവനന്തപുരം: വ്യാജ പരാതിയിൽ കസ്റ്റഡിയിലെടുത്ത ദലിത് യുവതി ബിന്ദു നേരിട്ടത് ക്രൂരപീഡനമെന്ന് ഭര്‍ത്താവ്. സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്ത പേര്‍ക്കൂട എസ്.ഐ പ്രസാദ് മോശമായാണ് പെരുമാറിയതെന്ന് ബിന്ദുവിന്‍റെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

'ഭാര്യയെ കാണാൻ സ്റ്റേഷനില്‍ ചെന്നപ്പോൾ ചീത്തവിളിച്ചു. കോടതിയിൽ കൊണ്ടുപോകുമ്പോൾ കണ്ടാൽമതിയെന്ന് പറഞ്ഞ് ദൂരെ നിർത്തി. ഭക്ഷണവുമായി മകൻ ചെന്നപ്പോഴും പൊലീസുകാർ മോശമായി പെരുമാറി. വിഷം കൊടുത്ത് കൊല്ലാൻ കൊണ്ടുവന്നതാണോ എന്ന് പൊലീസുകാർ ചോദിച്ചു. മാല കിട്ടിിയെന്ന് അറിഞ്ഞ ശേഷവും ബിന്ദുവിനോട് മോശമായി പെരുമാറി'.

മാല കിട്ടിയപ്പോൾ ക്ഷമപോലും ചോദിച്ചില്ല. സ്‌റ്റേഷനിൽ നിന്നിറങ്ങുമ്പോൾ 'കവടിയാറിലോ അമ്പലമുക്കിലോ കണ്ടുപോകരുത്,നാട് വിട്ടുപോകണമെന്ന് ഭീഷണിപ്പെടുത്തിയതായും ബിന്ദുവിന്‍റെ ഭര്‍ത്താവ് പറഞ്ഞു. അധ്വാനിച്ചിട്ടാണ് ഞങ്ങള് രണ്ടുപേരും മക്കളെ വളർത്തിയത്. മോഷ്ടിച്ച് ജീവിക്കേണ്ട കാര്യം ഞങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പേരൂർക്കട എസ്.ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തത്.ക്രൂര പീഡനത്തിന്റെ വിവരങ്ങൾ മീഡിയവൺ ഓൺലൈൻ വാർത്തക്ക് പിന്നാലെയാണ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ ഡിജിപി അന്വേഷണം പ്രഖ്യാപിച്ചത്.

നടപടിയില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരിയായ ബിന്ദു പറഞ്ഞു. കള്ളപ്പരാതിയിലും നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടു.വെള്ളം ചോദിച്ചപ്പോൾ ബാത്‌റൂമിലെ ബക്കറ്റിലുണ്ടെന്ന് പറഞ്ഞതും മോശമായി പെരുമാറിയതും എസ്‌ഐ ആണെന്നും ബിന്ദു പറഞ്ഞു. എസ്‌ഐക്ക് പുറമെ മറ്റ് രണ്ടു ഉദ്യോസ്ഥർക്കെതിരെയും നടപടി വേണമെന്നുംവ്യാജ പരാതി നൽകിയ ഓമന ഡാനിയേലിനെതിരെയും നടപടി വേണമെന്ന് ബിന്ദു പറഞ്ഞു.

പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ക്രൂരപീഡനത്തിനാണ് ബിന്ദു ഇരയായത്. വെള്ളവും ഭക്ഷണവും നൽകാതെ ഒരു രാത്രി മുഴുവൻ സ്റ്റേഷനിലിട്ടു. പലതവണ ആവശ്യപ്പെട്ടാണ് വെള്ളമില്ലാത്ത ശുചിമുറി ഉപയോഗിക്കാൻ പോലും അനുവദിച്ചത്. ഭർത്താവിനെയും മകളെയും കേസിൽപെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയും ബിന്ദു പറഞ്ഞു.


Similar Posts