< Back
Kerala
JOSE K MANI,  Kerala Congress

ജോസ് കെ മാണി- പാലാ നഗരസഭ

Kerala

കേരള കോൺഗ്രസിന് മുന്നിൽ മുട്ടുമടക്കി സിപിഎം: പാലാ നഗരസഭയിൽ ബിനുവിനെ ചെയർമാനാക്കില്ല

Web Desk
|
19 Jan 2023 9:22 AM IST

കേരളകോൺഗ്രസിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ബിനുപുളിക്കകണ്ടത്തിനെ ചെയർമാൻ സ്ഥാനാർഥിയാക്കാൻ സിപിഎം തയ്യാറാകാതിരുന്നത്

കോട്ടയം: പാലാ നഗരസഭാ ചെയർമാൻ സ്ഥാനാർഥിയായി ജോസിൻ ബിനോയെ തെരഞ്ഞെടുത്തു. ബിനു പുളിക്കകണ്ടത്തെ ചെയർമാൻ സ്ഥാനാർത്ഥി ആക്കിയില്ല. തെരഞ്ഞെടുപ്പിന് മുന്നെ ചേർന്ന പാർലമെന്ററി യോഗത്തിലാണ് തീരുമാനം.

കേരള കോൺഗ്രസിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ബിനു പുളിക്കകണ്ടത്തിനെ ചെയർമാൻ സ്ഥാനാർഥിയാക്കാൻ സി.പി.എം തയ്യാറാകാതിരുന്നത്. ഇതോടെ പാലാ നഗരസഭയിൽ സി.പി.എം ചെയർമാൻ എന്ന പദവിക്ക് സി.പി.എം ഇനിയും കാത്തിരിക്കേണ്ടി വരും. ഇപ്പോൾ സ്ഥാനാർഥിയായി തെരഞ്ഞെടുത്തിരിക്കുന്ന ജോസിൻ ബിനോയി സ്വതന്ത്രനാണ്. ഇവിടെ സിപിമ്മിന്റെ ആറിൽ അഞ്ച് കൗൺസിലർമാരും സ്വതന്ത്രന്മാരാണ്. ബിനു മാത്രമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചിരുന്നത്.

ബിനുവിനെ തെരഞ്ഞെടുത്തിരുന്നുവെങ്കിൽ ചരിത്രത്തിലാദ്യമായി പാലാക്ക് സിപിഎം ചെയർമാനെ കിട്ടിയേനെ. നേരത്തെയുണ്ടാക്കിയ ധാരണപ്രകാരം ആദ്യത്തെ രണ്ടര വർഷം കേരളകോൺഗ്രസും തുടർന്ന് സിപിഎമ്മും എന്നിങ്ങനെയായിരുന്നു. കേരള കോൺഗ്രസിന്റെ കാലാവധി കഴിഞ്ഞതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ബിനുവിനെയാണ് സിപിഎം ആദ്യ മുതലെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ ഒരുനിലക്കും അംഗീകരിക്കാൻ കഴിയില്ലെന്ന് കേരളകോൺഗ്രസ് നിലപാട് എടുക്കുകയായിരുന്നു. കോട്ടയത്ത് മന്ത്രി വി.എൻ വാസവനുമായുള്ള ചർച്ചയിൽ ജോസ് കെ മാണി ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേരളകോൺഗ്രസ് കൗൺസിലർമാരുമായുള്ള തർക്കമാണ് ബിനുവിനെ എതിർക്കാൻ കാരണം. കേരളകോൺഗ്രസ് കൗൺസിലറെ ബിനു മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തായിരുന്നു. നേരത്തെ പാലായിൽ ജോസ് കെ മാണി തോൽക്കാനുള്ള കാരണം ബിനുവിന്റെ പ്രവർത്തനമാണെന്ന ആരോപണവും കേരളകോൺഗ്രസ് ഉന്നയിക്കുന്നുണ്ട്.

Similar Posts