< Back
Kerala
കുർബാന ഏകീകരണം നടപ്പിലാക്കണം; സർക്കുലർ ഇറക്കി ബിഷപ്പ് ആൻഡ്രൂസ് താഴത്ത്
Kerala

കുർബാന ഏകീകരണം നടപ്പിലാക്കണം; സർക്കുലർ ഇറക്കി ബിഷപ്പ് ആൻഡ്രൂസ് താഴത്ത്

Web Desk
|
1 Oct 2022 12:13 AM IST

ഞായറാഴ്ച പള്ളികളില്‍ ഈ സര്‍ക്കുലര്‍ പരസ്യമായി കത്തിക്കുമെന്നാണ് അൽമായ മുന്നേറ്റത്തിന്റെ നിലപാട്.

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന ഏകീകരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ സർക്കുലർ. പുതിയ രീതി നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ള പള്ളികളിലെ വികാരിമാർ അപേക്ഷ സമർപ്പിച്ച് അനുമതി വാങ്ങണമെന്ന് സർക്കുലറിൽ പറയുന്നു.

സിനഡ് നിർദേശിച്ച പ്രകാരമുളള കുർബാന അർപ്പിക്കാൻ തയ്യാറുള്ള വൈദികരെ തടയാൻ പാടില്ലെന്നും സർക്കുലറിലുണ്ട്. ഞായറാഴ്ച സർക്കുലർ പള്ളികളിൽ വായിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ എറണാകുളം അതിരൂപതയ്ക്ക് മാത്രമായി ഇളവ് നല്‍കാനാവില്ലെന്ന് കഴിഞ്ഞദിവസം വത്തിക്കാന്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനോട് വ്യക്തമാക്കിയിരുന്നു. ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തരുതെന്നും നിര്‍ദേശിച്ചിരുന്നു.

കുർബാന ഏകീകരണത്തിൽ അതിരൂപതയിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് തേടിയായിരുന്നു കത്ത്. ഈ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ രണ്ടിന് വത്തിക്കാന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഇപ്പോള്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

സെപ്തംബർ 20ന് വൈദിക സമിതിയില്‍ ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കുന്ന വിവരം ബിഷപ്പ് അറിയിച്ചിരുന്നു. ഇതിനെതിരെ യോഗത്തില്‍ വലിയ പ്രതിഷേധമാണ് ബിഷപ്പിനെതിരെ ഉണ്ടായത്. ഒടുവില്‍ പൊലീസ് സംരക്ഷണത്തിലാണ് ബിഷപ്പിന് മടങ്ങേണ്ടിവന്നത്. എന്നാല്‍ പ്രതിഷേധം കണക്കിലെടുക്കാതെയാണ് ബിഷപ്പ് മുന്നോട്ടുപോവുന്നത്.

സര്‍ക്കുലര്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വൈദിക സമിതി. ഞായറാഴ്ച പള്ളികളില്‍ ഈ സര്‍ക്കുലര്‍ പരസ്യമായി കത്തിക്കുമെന്നാണ് അൽമായ മുന്നേറ്റവും അറിയിച്ചു. ഇതോടെ കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം അതിരൂപതയില്‍ പോര് കനക്കുകയാണ്.

Similar Posts