
'ആരിക്കാടിയിലേത് നിയമവിരുദ്ധവും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ നയത്തിന് വിരുദ്ധവുമായ ടോൾ'; കുമ്പള ടോള്‍ ബൂത്തിനെതിരെ ബിജെപിയും രംഗത്ത്
|കേന്ദ്ര ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട് ഈ വിഷയത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു
കാസര്‍കോട്: കാസര്‍കോട് കുമ്പള ടോള്‍ ബൂത്തിനെതിരെ പ്രതിഷേധവുമായി ബിജെപിയും രംഗത്ത്. ആരിക്കാടിയില്‍ സ്ഥാപിച്ചിരിക്കുന്ന താല്‍ക്കാലിക ടോള്‍ ബൂത്ത് നിയമവിരുദ്ധവും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ നയത്തിന് വിരുദ്ധവുമാണെന്ന് ബിജെപി ആരോപിച്ചു.
ദേശീയപാതാ അതോറിറ്റിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പിടിവാശിയും തെറ്റായ നിലപാടുമാണ് നിലവിലെ പ്രതിഷേധങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കാരണം. കേന്ദ്ര ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട് ഈ വിഷയത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.
നേരത്തെ, കാസര്‍കോട് കുമ്പള ആറിക്കാടിയില്‍ ടോള്‍ പിരിവിനെതിരായ പ്രതിഷേധത്തില്‍ എ.കെ.എം അഷ്‌റഫ് എംഎല്‍എയെ അറസ്റ്റ് ചെയ്തിരുന്നു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശം അവഗണിക്കുകയും ദേശീയപാതയില്‍ വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മാര്‍ഗതടസം സൃഷ്ടിച്ചതിനുമാണ് പൊലീസ് കേസെടുത്തത്.
ഹൈക്കോടതിയില്‍ ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹരജിയില്‍ വിധി വരുന്നത് വരെ ടോള്‍ പിരിക്കരുതെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍, ടോള്‍ പിരിവ് നടത്തുന്നതിന് നിലവില്‍ നിയമപരമായ തടസങ്ങളില്ലെന്നാണ് ദേശീയപാത അധികൃതരുടെ വാദം.