< Back
Kerala
BJP cheated the people of Munambam Says KC Venugopal
Kerala

കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍: മുനമ്പം ജനതയെ ബിജെപി വഞ്ചിച്ചെന്ന് കെ.സി വേണുഗോപാല്‍

Web Desk
|
15 April 2025 9:47 PM IST

വഖഫ് ഭേദഗതി ബിൽ മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകും എന്ന് ബിജെപി ബോധപൂര്‍വം പ്രചരിപ്പിച്ചത് കത്തോലിക്കാ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ്.

ന്യൂഡൽഹി: കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ വെളിപ്പെടുത്തലിലൂടെ മുനമ്പം ജനതയോടുള്ള ബിജെപിയുടെ വഞ്ചന പുറത്തുവന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. വഖഫ് ബില്ലിലൂടെ മുനമ്പം പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞ് വിശ്വാസികളെ വഞ്ചിച്ച ബിജെപി മാപ്പ് പറയണം. മുനമ്പം വിഷയത്തില്‍ ബിജെപി പ്രചരിപ്പിച്ച കല്ലുവച്ച നുണയാണ് അവരുടെ തന്നെ മന്ത്രി തിരുത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു.

വഖഫ് ഭേദഗതി ബിൽ മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകും എന്ന് ബിജെപി ബോധപൂര്‍വം പ്രചരിപ്പിച്ചത് കത്തോലിക്കാ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. സാമുദായിക സംഘര്‍ഷത്തിലൂടെ മുതലെടുപ്പ് രാഷ്ട്രീയത്തിന് ഒരുക്കിയ ബിജെപിയുടെ തിരക്കഥയാണ് ഇപ്പോള്‍ തകര്‍ന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ് സംഘപരിവാര്‍ അജണ്ട. അതിനായി അവര്‍ മുനമ്പം വിഷയത്തെ കൂട്ടുപിടിച്ചെന്നു മാത്രം. ബിജെപിയുടെ പൊയ്മുഖമാണ് ഇവിടെ തുറന്നുകാട്ടപ്പെട്ടത്.

ക്രൈസ്തവ വിഭാഗങ്ങളെ തെറ്റിധരിപ്പിച്ച് രക്ഷകനെന്ന് സ്വയം നടിക്കുന്ന ബിജെപി യഥാര്‍ഥത്തില്‍ ന്യൂനപക്ഷങ്ങളുടെ ആകെ ശത്രുവാണ്. ആന്തരിക ഭീഷണിയായിട്ടാണ് ബിജെപി ന്യൂനപക്ഷങ്ങളെ കാണുന്നത്. അധികാര സ്വാധീനം വളര്‍ത്താന്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള കപടസ്‌നേഹം മാത്രമാണ് ബിജെപിക്ക് ക്രൈസ്തവ സമൂഹത്തോടുള്ളതെന്ന് വിശ്വാസികള്‍ തിരിച്ചറിയണമെന്നും വേണുഗോപാല്‍ പറഞ്ഞു.

മുനമ്പത്തെ പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്നതാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെയും വഖഫ് ബോര്‍ഡിന്റേയും നിലപാടാണ് മുനമ്പം പ്രശ്‌നം അനന്തമായി നീണ്ടുപോയതെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Similar Posts