< Back
Kerala
വീട്ടില്‍പോയത് ആശംസ അറിയിക്കാന്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സ്വാധീനിച്ചിട്ടില്ല; വിശദീകരണവുമായി ബിജെപി കൗൺസിലർ
Kerala

'വീട്ടില്‍പോയത് ആശംസ അറിയിക്കാന്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സ്വാധീനിച്ചിട്ടില്ല'; വിശദീകരണവുമായി ബിജെപി കൗൺസിലർ

Web Desk
|
24 Nov 2025 10:50 AM IST

ഭർത്താവിനോട് പിന്മാറാൻ വേണ്ടി സംസാരിക്കാമോയെന്നാണ് ചോദിച്ചതെന്ന് സ്ഥാനാർഥി കെ. രമേശിന്റെ ഭാര്യ മീഡിയവണിനോട് പറഞ്ഞു

പാലക്കാട്: നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി ബിജെപി. രമേശിനെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ബിജെപി കൗൺസിലർ ജയലക്ഷ്മി മീഡിയവണിനോട് പറഞ്ഞു. രമേശിനെ വിളിച്ചതും വീട്ടിൽ പോയതും ആശംസ അറിയിക്കാനാണെന്നും ജയലക്ഷ്മി വ്യക്തമാക്കി.

'അവരുടെ വീട്ടിൽ 16 വോട്ടുണ്ട്.ജനപ്രതിധി ആയതുകൊണ്ട് വീട്ടിൽപോയത്. അവരെക്കണ്ടു,വോട്ട് അഭ്യർഥിച്ചു,സ്ഥാനാർഥിയുടെ വീടാണെന്ന് മനസിലായപ്പോൾ ആശംസ അറിയിച്ചു,തിരിച്ചുപോരുകയും ചെയ്തു.രമേശിനെ അങ്ങോട്ട് വിളിച്ചിട്ടില്ല,ഇങ്ങോട്ടാണ് വിളിച്ചത്'. ജയലക്ഷ്മി പറഞ്ഞു.

എന്നാൽ, ജയലക്ഷ്മിയുടെ വാദം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. രമേശിന്റെ ഭാര്യ തള്ളി.ജയലക്ഷ്മി വീട്ടിൽ വന്ന് സ്ഥാനാർഥിത്വം പിൻവലിക്കാൻ ആവശ്യപ്പെട്ടെന്ന് രമേശിന്‍റെ ഭാര്യ പറയുന്നു. ബിജെപി നേതാവ് സുനിലിന്റെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി നേതാക്കളെത്തിയതെന്നും സാമ്പത്തിക പ്രശ്നങ്ങൾ തീർക്കാമെന്ന് പറഞ്ഞെന്നും രമേശിന്റെ ഭാര്യ പറഞ്ഞു. നിങ്ങൾ പറഞ്ഞാൽ ഭർത്താവ് കേൾക്കില്ലേ, പിന്മാറാൻ വേണ്ടി ഒന്ന് സംസാരിക്കാമോയെന്ന് എന്നോട് ചോദിച്ചു.. സംസാരിച്ചിട്ട് രാവിലെ വിളിക്കാന്‍ പറഞ്ഞെന്നും അവര്‍ പറഞ്ഞു.

50-ാം വാർഡിലെ സ്ഥാനാർഥി കെ.രമേശിന്‍റെ വീട്ടിലെത്തി ബിജെപി നേതാക്കൾ പണം നൽകാമെന്ന് വാഗ്ദാനം നൽകിയെന്നാണ് പരാതി.ബിജെപിയുടെ മുൻ കൗൺസിലർ സുനില്‍ വീട്ടിലെത്തുകയും നിങ്ങൾക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ തീർത്തു തരാം, സ്ഥാനാർഥിത്വം പിൻവലിക്കാൻ ഭർത്താവിനോട് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്ന് ഭാര്യയോട് പറഞ്ഞതായി കെ.രമേശ് മീഡിയവണിനോട് പറഞ്ഞു.

സംഭവത്തില്‍ പാലക്കാട് നോർത്ത് പൊലീസ് രമേശിന്റെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തി.എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക പിൻവലിച്ചതോടെ വാർഡിൽ യുഡിഎഫ് ,എൻഡിഎ മത്സരമാണ്.നിലവിലെ സ്ഥാനാർഥിയും കൗൺസിലറും ഉൾപ്പെടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് വി.കെ ശ്രീകണ്ഠൻ എം.പി ആരോപിച്ചു.


Similar Posts