
ഹരിപ്പാട് ചിങ്ങോലിയില്‍ വോട്ട് വെട്ടാൻ ബിജെപി ഇടപെടൽ: മുസ്‍ലിം വോട്ട് വെട്ടാന്‍ ഫോം 7 നല്‍കിയെന്ന് പരാതി
|ബിഎല്‍ഒയുടെ പേരും വെട്ടിമാറ്റാനുള്ള ഫോമില്‍ ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നു
ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ ചിങ്ങോലി പഞ്ചായത്തിൽ രണ്ട് ബൂത്തുകളിലെ വോട്ടർമാരുടെ പേരുകൾ വെട്ടി മാറ്റാൻ എസ്ഐആർ ഫോം 7 ബി എൽ ഒ യ്ക്ക് നൽകിയതായി പരാതി. 166, 164 ബൂത്തുകളിലെ മുസ്‍ലിം വോട്ടർമാരെ വെട്ടി മാറ്റാനുള്ള ഫോം ആണ് നൽകിയത്.ഇതിന് പിന്നിൽ ബിജെപിയാണെന്നാണ് വോട്ടർമാർ പറയുന്നത്. ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഉണ്ണിത്താനെതിരെയാണ് പരാതി.
ഫോം 7 ഓണ്‍ലൈനിലാണ് സമര്‍പ്പിക്കേണ്ടത്.ഡല്‍ഹിയില്‍ നിന്നാണ് ഈ ഫോമുകള്‍ പൂരിപ്പിച്ചത്. നാട്ടിലില്ല എന്ന് പറഞ്ഞിരിക്കുന്ന 57 പേരില്‍ 10 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും നാട്ടുകാര്‍ പറയുന്നു.ബിഎല്‍ഒയുടെ പേരും വെട്ടിമാറ്റാനുള്ള ഫോമില്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു.ഫോമില്‍ പറഞ്ഞ മുഴുവന്‍ പേരും നാട്ടിലുണ്ടെന്നും വോട്ടര്‍മാര്‍ പറയുന്നു. എസ്ഐആറിന്‍റെ നടപടികളുടെ ആദ്യഘട്ടത്തില്‍ ബിജെപി ഇടപെടല്‍ ഉണ്ടായിരുന്നില്ല. അവസാനഘട്ടത്തിലാണ് ബിജെപി ഇടപെടല്‍ നടത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.
സംഭവം വളരെ ഗൗരവതരമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ പറഞ്ഞു. വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മറ്റു പഞ്ചായത്തുകളിലും ഇത്തരം ഫോമുകൾ നൽകിയിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം മീഡിയവൺ വാർത്തയാക്കിയതോടെ പ്രദേശത്തെ ബിഎൽഒ ഫോം സ്വീകരിക്കാൻ തയ്യാറായില്ല. ചട്ടം മറികടന്നാണ് ബിജെപി നേതാവ് ബിഎല്‍ഒക്ക് ഫോം കൈമാറിയത്. ഒരു ബിഎൽഒ ക്ക് ഫോം 7 10 എണ്ണം മാത്രമാണ് കൈമാറാൻ സാധിക്കുക. മാത്രമല്ല ഈ ഫോം സമർപ്പിച്ച ബിജെപി നേതാവ് ഈ ബൂത്തിലെ ആളല്ല എന്നും കണ്ടെത്തിയിട്ടുണ്ട്.