< Back
Kerala
ബംഗാളിലെ വഖഫ് പ്രതിഷേധം: ബിജെപി നേതാവ് ഗോപാലകൃഷ്ണൻ പങ്കുവെച്ചത് ബംഗ്ലാദേശിലെ അക്രമത്തിന്റെ വീഡിയോ
Kerala

ബംഗാളിലെ വഖഫ് പ്രതിഷേധം: ബിജെപി നേതാവ് ഗോപാലകൃഷ്ണൻ പങ്കുവെച്ചത് ബംഗ്ലാദേശിലെ അക്രമത്തിന്റെ വീഡിയോ

Web Desk
|
15 April 2025 6:49 PM IST

അതിർത്തി ജില്ലകളായ മുർഷിദാബാദിലും മാൾഡയിൽ നിന്നും ന്യൂനപക്ഷമായ ഹിന്ദുക്കൾ കൂട്ടത്തോടെ പാലായനം ചെയ്യുന്നു എന്ന ആരോപണത്തിനാണ് ഗോപാലകൃഷ്ണൻ ബംഗ്ലാദേശിലെ ഒരു അക്രമത്തിന്റെ വീഡിയോ ഉപയോഗിച്ചത്.

കോഴിക്കോട്: പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലെ അക്രമങ്ങളുടെതെന്ന പേരിൽ ബിജെപി നേതാവ് അഡ്വ. ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ചത് ബംഗ്ലാദേശിലുണ്ടായ അക്രമത്തിന്റെ വീഡിയോ. വ്യാജ വിഡിയോയാണെന്ന് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ബിജെപി നേതാവ് പോസ്റ്റ് പിന്‍വലിച്ചു.

ബംഗാളിൽ ഇസ്‌ലാമിക തീവ്രവാദികളുടെ അഴിഞ്ഞാട്ടം. അതിർത്തി ജില്ലകളായ മുർഷിദാബാദിലും മാൾഡയിൽ നിന്നും ന്യൂനപക്ഷമായ ഹിന്ദുക്കൾ കൂട്ടത്തോടെ പാലായനം ചെയ്യുന്നു എന്ന ആരോപണത്തിനാണ് ഗോപാലകൃഷ്ണൻ ബംഗ്ലാദേശിലെ ഒരു അക്രമത്തിന്റെ വീഡിയോ ഉപയോഗിച്ചത്.

ബംഗ്ലാദേശിലെ രണ്ട് മുസ്‌ലിം ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷമാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഗോപാലകൃഷ്ണന്‍ ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ 28ന് ഇതേ വീഡിയോ, ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമം എന്ന് പറഞ്ഞു കൊണ്ട് സംഘ്പരിവാര്‍ ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചിരുന്നു.

എന്നാല്‍ Factcrescendo, altnews തുടങ്ങിയ ഫാക്റ്റ് ചെക്ക് പ്ലാറ്റ്ഫോമുകൾ വീഡിയോയുടെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയും ഇത് ബാംഗ്ലാദേശിലെ രണ്ട് മുസ്‌ലിം ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അതേസമയം ഈ വീഡിയോക്ക് താഴെ നിരവധി പേർ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. വ്യാജ വീഡിയോ ഷെയര്‍ ചെയ്ത് സമൂഹത്തില്‍ മത സ്പര്‍ധയുണ്ടാക്കുന്ന ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും ചിലര്‍ വ്യക്തമാക്കുന്നു.

അതേസമയം വാര്‍ത്തയായതോടെ ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റ് മുക്കി. ഏകദേശം മൂന്ന് മണിക്കൂറോളം വാളില്‍ കിടന്നതിന് ശേഷമാണ് അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചത്.

Similar Posts