
Photo: MediaOne
'രാഹുൽ ഇവിടുത്തെ വോട്ട് വാങ്ങി ജയിച്ച ആളല്ലേ... ഇവിടെ പണി ഉണ്ടാവില്ലേ..';എൻ.ശിവരാജൻ
|പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ കാല് കുത്തിക്കില്ലെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നത്
പാലക്കാട്: രാഹുൽ പാലക്കാട് വന്നത് താൻ അറിഞ്ഞില്ലെന്നും രാവിലെ പത്രം വായിച്ചപ്പോഴാണ് അറിയുന്നതെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജൻ. വിവാദങ്ങൾക്കിടെ പാലക്കാട് റോഡ് ഉത്ഘാടനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ബിജെപി കൗൺസിലർ വേദി പങ്കിട്ടതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ രാഹുൽ പങ്കെടുക്കുന്നുണ്ടെന്ന കാര്യം ചെയർപേഴ്സൺ അറിഞ്ഞിരുന്നില്ല. കൗൺസിൽ അംഗം പങ്കെടുത്തതിൽ ജനാധിപത്യപാർട്ടിയെന്ന നിലയ്ക്ക് അഭിപ്രായ വ്യത്യാസം സ്വാഭാവികമെന്നും ശിവരാജൻ പറഞ്ഞു.
'രാഹുൽ ഇവിടുത്തെ വോട്ട് വാങ്ങി ജയിച്ച ആളല്ലേ...ജനപ്രതിനിധി എന്ന നിലക്ക് സ്വാഭാവികമായിട്ട് ഇവിടെ പണി ഉണ്ടാവില്ലേ..വികസന പ്രവർത്തനങ്ങൾക്കൊന്നും രാഷ്ട്രീയമില്ല, ജാതിയില്ല, മതമില്ല..അതാണ് നരേന്ദ്ര മോദിയും വാജ്പേയിയും പഠിപ്പിച്ചിട്ടുള്ളത്.' ശിവരാജൻ പറഞ്ഞു.
സ്റ്റേഡിയം ബൈപാസ്- ജില്ലാ ആശുപത്രി ലിങ്ക് റോഡ് ഉദ്ഘാടന ചടങ്ങിലാണ് ചെയർ പേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്. രാഹുലിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് നിർമിച്ചത്. നഗരസഭാ ചെയർപേഴ്‌സണായിരുന്നു ചടങ്ങിന്റെ അധ്യക്ഷ. വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് കോൺഗ്രസ് ഇതര ജനപ്രതിനിധി രാഹുലിനൊപ്പം വേദി പങ്കിടുന്നത്.
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ കാല് കുത്തിക്കില്ലെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നത്. കൂടാതെ രാഹുലിന്റെ ഓഫീസിലേക്ക് പലതവണ മാർച്ചും നടത്തിയിരുന്നു. ഓഫീസിന് മുന്നിൽ മഹിളാ മോർച്ചാ പ്രവർത്തകർ കോഴിയെ കെട്ടിത്തൂക്കുന്ന സാഹചര്യം പോലുമുണ്ടായി.
ഇത്തരമൊരു സാഹചര്യത്തിൽ ബിജെപി മുനിസിപ്പൽ ചെയർപേഴ്‌സൺ രാഹുലിനൊപ്പം വേദി പങ്കിട്ടത് ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാൽ നഗരസഭാ ചെയർപേഴ്‌സൺ എന്ന നിലയ്ക്കാണ് ചടങ്ങിൽ പങ്കെടുത്തത് എന്നാണ് പ്രമീളയുടെ വിശദീകരണം.
കഴിഞ്ഞദിവസം ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ പരിപാടി സംഘടിപ്പിച്ചിരുന്നു. രാഹുലിനെ പൂർണമായും ബഹിഷ്‌കരിക്കേണ്ടതില്ലെന്നാണ് സി. കൃഷ്ണകുമാർ വിരുദ്ധ പക്ഷമായ പ്രമീളയുൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ നിലപാട്.