
'ബിജെപി നേതൃത്വം മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു, അതുകൊണ്ടാണ് മത്സരിച്ചത്' ; തുറന്നുപറഞ്ഞ് ആര്‍.ശ്രീലേഖ
|തെരഞ്ഞെടുപ്പിൽ നിൽക്കാൻ വിസമ്മതിച്ചതാണ്
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ താനായിരുന്നു മേയർ സ്ഥാനാർഥിയെന്ന് തുറന്ന് പറഞ്ഞ് ആർ.ശ്രീലേഖ. തെരഞ്ഞെടുപ്പിൽ നിൽക്കാൻ താൻ വിസമ്മതിച്ചതാണ് . മേയർ ആകുമെന്ന് ബിജെപി നേതൃത്വം വാഗ്ദാനം നൽകിയതിനെ തുടർന്നാണ് മത്സരിച്ചത്.
പക്ഷേ അവസാന നിമിഷം കേന്ദ്രനേതൃത്വം ഇടപെട്ടതോടെ തീരുമാനം മാറി. വി.വി രാജേഷും ആശാനാഥും നന്നായി പ്രവർത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടതു കൊണ്ടാകാം തീരുമാനമെന്നും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ പറയുന്നു.
അവസാന നിമിഷം തിരുവനന്തപുരം മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലെ അതൃപ്തി ശ്രീലേഖ നേരത്തെയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വി വി രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ആശാനാഥിന്‍റെയും സത്യപ്രതിജ്ഞ ചടങ്ങ് അവസാനിക്കും മുൻപ് വേദി വിട്ട് പോയത് ചർച്ചയായിരുന്നു.
എന്നാൽ മേയർ ആകാത്തതിൽ അതൃപ്തിയില്ലെന്ന് ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തിന്‍റെ ഇടപെടൽ ഉണ്ടായി. ആദ്യഘട്ടത്തിൽ മത്സരിക്കേണ്ട എന്നാണ് തീരുമാനിച്ചത്. മേയർ സ്ഥാനം വാഗ്ദാനം ചെയ്തതോടെയാണ് മത്സരിച്ചത്. പിന്നീട് തീരുമാനത്തിൽ മാറ്റമുണ്ടായി. അതിൽ അതൃപ്തിയില്ല. പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി തുടരും . അഞ്ചുവർഷം ഇവിടുത്തെ ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ശാസ്തമംഗലം വാർഡിനെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട്. നിരവധി പ്രവർത്തനങ്ങൾ വാർഡിൽ നടത്താൻ ലക്ഷ്യമിടുന്നുണ്ട്. അവയെല്ലാം പൂർത്തിയാക്കണം.കൗൺസിലറായി തുടരുന്നതിൽ സന്തോഷമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയക്കാർക്ക് ചേരാത്ത സത്യസന്ധത തനിക്കുണ്ടെന്നും ശ്രീലേഖ തുറന്നടിച്ചു.
എന്നാൽ ശ്രീലേഖയുടെ അതൃപ്തിയിൽ മറുപടി പറയാതെ മേയർ വി.വി രാജേഷ് പ്രതികരിച്ചില്ല. ചില വാർത്തകൾ വന്നതായി അറിഞ്ഞു. വിശദാംശങ്ങൾ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.