< Back
Kerala
പ്രധാനമന്ത്രിയുടെ ജന്മദിനം  മുതലക്കോടം പള്ളിയിൽ ആഘോഷിക്കുമെന്ന് ബിജെപി പോസ്റ്റർ; നിഷേധിച്ച് ഇടവക വികാരി
Kerala

പ്രധാനമന്ത്രിയുടെ ജന്മദിനം മുതലക്കോടം പള്ളിയിൽ ആഘോഷിക്കുമെന്ന് ബിജെപി പോസ്റ്റർ; നിഷേധിച്ച് ഇടവക വികാരി

Web Desk
|
17 Sept 2025 10:43 AM IST

പള്ളിക്ക് രാഷ്ട്രീയപാർട്ടികളുമായി ബന്ധമില്ലെന്നും പോസ്റ്റർ അടിച്ചത് ഇടവക അറിയാതെയാണെന്നും വികാരി ഫാ. സെബാസ്റ്റ്യൻ ആരോലിച്ചാലിൽ വ്യക്തമാക്കി

ഇടുക്കി: പ്രധാനമന്ത്രിയുടെ ജന്മദിനം തൊടുപുഴ മുതലക്കോടം പള്ളിയിൽ ആഘോഷിക്കുമെന്ന് ബിജെപി പോസ്റ്റർ വിവാദത്തിൽ. പോസ്റ്റർ നിഷേധിച്ച് ഇടവക വികാരി രംഗത്തെത്തി. പള്ളിക്ക് രാഷ്ട്രീയപാർട്ടികളുമായി ബന്ധമില്ലെന്നും പോസ്റ്റർ അടിച്ചത് ഇടവക അറിയാതെയാണെന്നും വികാരി ഫാ. സെബാസ്റ്റ്യൻ ആരോലിച്ചാലിൽ വ്യക്തമാക്കി.

മോദിയുടെ 75-ാം ജൻമദിനം ന്യൂനപക്ഷ മോര്‍ച്ച ഇടുക്കി നോര്‍ത്ത് ജില്ലാ അധ്യക്ഷൻ ജോയി കോയിക്കക്കുടിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിക്കുന്നുവെന്നായിരുന്നു പോസ്റ്റര്‍. ബുധനാഴ്‌ച രാവിലെ 7ന് തൊടുപുഴ മുതലക്കോടം സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ കുർബാനയും കേക്ക് മുറിക്കലും ഉണ്ടാകുമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്.

ചടങ്ങിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ഷോൺ ജോർജ്, ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. നോബിൾ മാത്യു എന്നിവർ മുഖ്യാതിഥികളായിരിക്കും. ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്‍റ് പി. പി. സാനു, ന്യൂനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി സോജൻ ജോസഫ്, മേഖല സെക്രട്ടറി വി.എൻ. സുരേഷ് എന്നിവർ പങ്കെടുക്കുമെന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. പ്രധാനമന്ത്രി, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ ചിത്രവും പോസ്റ്ററിലുണ്ട്.

എന്നാൽ ആഘോഷപരിപാടികളുമായി കോതമംഗലം രൂപതക്കോ മുതലക്കോടം ഇടവകയ്ക്കോ യാതൊരു ബന്ധവുമില്ലെന്ന് വികാരി പ്രസ്താവനയിൽ വ്യക്തമാക്കി. നടന്നിട്ടുമില്ല. ദൈവാലയത്തിൻ്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റർ നിർമിച്ചതിനെ അപലപിക്കുന്നതായും രാഷ്ട്രീയ ലക്ഷ്യത്തിനോ ലാഭത്തിനുവേണ്ടിയോ കൂദാശക ളെയോ ഈ ദേവാലത്തെയോ പള്ളി പരിസരങ്ങളെയോ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവുന്നതല്ലെന്നും പ്രസ്താവനയിൽ പറയുന്നു.




Similar Posts