< Back
Kerala
എലപ്പുള്ളി ബ്രൂവറി; ഒയാസിസ് കമ്പനി സിപിഎമ്മിനും കോൺഗ്രസിനും പണം നൽകിയെന്ന് ബിജെപി
Kerala

എലപ്പുള്ളി ബ്രൂവറി; ഒയാസിസ് കമ്പനി സിപിഎമ്മിനും കോൺഗ്രസിനും പണം നൽകിയെന്ന് ബിജെപി

Web Desk
|
1 March 2025 3:16 PM IST

ആരോപണം തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ; സി.കൃഷ്ണകുമാറിൻ്റെ മനോനില പരിശോധിക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: എലപ്പുള്ളിയിൽ സർക്കാർ മദ്യ നിർമ്മാണത്തിന് അനുമതി നൽകിയ ഒയാസിസ് കമ്പനി സിപിഎമ്മിനും കോൺഗ്രസിനും പണം നൽകി എന്ന് ബിജെപി. സിപിഎം പാലക്കാട് ജില്ലാ കമ്മറ്റിക്ക് രണ്ടു കോടി രൂപയും കോൺഗ്രസിന് ഒരു കോടി രൂപയുമാണ് നൽകിയതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു. അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടാൻ സിപിഎമ്മിനെയും കോൺഗ്രസിനെയും കൃഷ്ണകുമാർ വെല്ലുവിളിച്ചു.

ഒയാസിസ് കമ്പനിയിൽ നിന്നും സിപിഎം കൈകൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ബിജെപി നേതാവ് സി.കൃഷ്ണകുമാറിൻ്റെ മനോനില പരിശോധിക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി പ്രതികരിച്ചു. ആരോപണങ്ങൾ അവഞ്ജയോടെ തള്ളി കളയുന്നു. CPM പാലക്കാട് ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് ആർക്കും എപ്പോഴും പരിശോധിക്കാമെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പറഞ്ഞു.

അതേസമയം കൃഷ്ണകുമാർ ആരോപണം തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ പറഞ്ഞു. ആരോപണം ഉന്നയിക്കുമ്പോൾ അത് തെളിയിക്കാൻ ബാധ്യത ഉണ്ട്. അദ്ദേഹത്തിൻ്റെ കൈവശം തെളിവുകളില്ല. ആരോപണം തെളിയിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും. കോൺഗ്രസിൻ്റെ അക്കൗണ്ട് സുതാര്യമാണ്. ബ്രൂവറി വേണ്ട എന്ന നിലപാടിൽ തന്നെയാണ് കോൺഗ്രസ് എന്നും തങ്കപ്പൻ വ്യക്തമാക്കി.








Similar Posts