< Back
Kerala
Rahul-Sandeep
Kerala

'വിശാല കബറിടം ഒരുക്കി വച്ചോ'; രാഹുൽ മാങ്കൂട്ടത്തിലിനും സന്ദീപ് വാര്യർക്കുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി

Web Desk
|
16 April 2025 8:24 PM IST

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കൊലവിളി പ്രസംഗത്തിൽ പ്രതിഷേധിച്ച് പാലക്കാട് ബിജെപി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെയായിരുന്നു ബിജെപിയുടെ കൊലവിളി

പാലക്കാട്: കോൺഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിലിനും സന്ദീപ് വാര്യർക്കുമെതിരെയും ഭീഷണി മുദ്രാവാക്യവുമായി ബിജെപി പ്രവർത്തകർ. 'വിശാല കബറിടം ഒരുക്കി വച്ചോ'യെന്നാണ് രാഹുലിനും സന്ദീപിനെതിരെ ഭീഷണി മുഴക്കിയത്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കൊലവിളി പ്രസംഗത്തിൽ പ്രതിഷേധിച്ച് പാലക്കാട് ബിജെപി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെയായിരുന്നു ബിജെപിയുടെ കൊലവിളി. നേരത്തെ തങ്ങളുടെ നേതൃത്വം തീരുമാനിച്ചാൽ രാഹുലിൻ്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും കാല് തറയിൽ ഉണ്ടാവില്ലെന്നും ബിജെപി ജില്ലാ സെക്രട്ടറി ഓമനക്കുട്ടൻ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ എം എൽഎ ഓഫീസിലേക്ക് നടന്ന ബിജെപി മാർച്ചിനിടെയായിരുന്നു ഓമനക്കുട്ടന്‍റെ പ്രസംഗം.

സുബൈർ വധക്കേസിന് ശേഷം മാളത്തിലൊളിച്ച പല ബിജെപി നേതാക്കളും തന്നെ കൊലക്കത്തിക്ക് മുന്നിൽ ഇട്ടുകൊടുത്തുവെന്ന് മാര്‍ച്ചിൽ പങ്കെടുത്ത സന്ദീപ് വാര്യര്‍ പറഞ്ഞു. ആ നേതാക്കളെ കണ്ട് വിശ്വസിച്ച് ആരും കോൺഗ്രസിനെതിരെ ഭീഷണിയുമായി വരണ്ട. രാഹുലിനെ പാലക്കാട് കാലുകുത്തിച്ചത് പാലക്കാട് ജനങ്ങളാണ്. യൂത്ത് കോൺഗ്രസിനെതിരെ മാത്രം പിണാറായിയുടെ പൊലീസ് കേസെടുക്കുന്നു. രാഹുലിനെതിരെ ഭീഷണി മുഴക്കിയ ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷെതിരെ പൊലീസ് കേസെടുക്കാത്തത് മനഃപൂര്‍വമാണ്. മാനദണ്ഡങ്ങൾ പാലിക്കാതെ ആര്‍എസ്എസ് സ്ഥാപകന്റെ പേര് പദ്ധതികളിലേക്ക് ഒളിച്ചു കടത്താനാണ് ബിജെപി ശ്രമം. എന്ത് വില കൊടുത്തും ഹെഡ്ഗേവാറിന്‍റെ പേര് പദ്ധതിക്ക് നൽകാനുള്ള ബിജെപിയുടെ ശ്രമം കോൺഗ്രസ് തടയും . രാഹുലിന്റെ ഒരു തലമുടി എടുക്കാൻ പോലും ബിജെപിക്ക് കഴിയില്ലെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

പാലക്കാട് നഗരസഭയുടെ വികസന പദ്ധതിക്ക് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ പേര് നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ബിജെപിയെയും എംഎൽഎയെയും തുറന്ന പോരിലേക്ക് നയിച്ചത്. പദ്ധതിക്ക് ആർഎസ്എസ് നേതാവിൻ്റെ പേരിടാൻ അനുവദിക്കില്ലെന്ന് പാലക്കാട് എംഎൽഎ പ്രഖ്യാപിച്ചിരുന്നു.



Similar Posts