< Back
Kerala
നേമത്ത് ബിജെപി അക്കൗണ്ട് തുറക്കില്ല, ആര് വന്നാലും വിജയം എൽഡിഎഫിന്: മന്ത്രി വി. ശിവൻകുട്ടി
Kerala

നേമത്ത് ബിജെപി അക്കൗണ്ട് തുറക്കില്ല, ആര് വന്നാലും വിജയം എൽഡിഎഫിന്: മന്ത്രി വി. ശിവൻകുട്ടി

Web Desk
|
16 March 2026 9:55 AM IST

യുഡിഎഫ് സ്ഥാനാർഥിയായി ആര് വന്നാലും അത് തന്റെ വിജയസാധ്യതയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ശിവൻകുട്ടി മീഡിയവണിനോട് പറഞ്ഞു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ നേമം മണ്ഡലത്തിൽ ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ച് മന്ത്രി വി. ശിവൻകുട്ടി. മണ്ഡലത്തിൽ ബിജെപി പൂട്ടിയ അക്കൗണ്ട് ഇനി തുറക്കാൻ അനുവദിക്കില്ലെന്നും എൽഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർഥിയായി ആര് വന്നാലും അത് തന്റെ വിജയസാധ്യതയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ശിവൻകുട്ടി മീഡിയവണിനോട് പറഞ്ഞു.

മണ്ഡലത്തിലെ വോട്ടർമാരുമായി തനിക്കുള്ള വ്യക്തിപരമായ ബന്ധമാണ് വിജയത്തിന് ആധാരമെന്ന് മന്ത്രി അവകാശപ്പെട്ടു. വർഷങ്ങളായി മണ്ഡലത്തിൽ സജീവമായതിനാൽ ഭൂരിഭാഗം ആളുകളെയും തനിക്ക് നേരിട്ട് അറിയാം. കഴിഞ്ഞ അഞ്ച് വർഷത്തെ തന്റെ പ്രവർത്തനങ്ങളും വികസന നേട്ടങ്ങളും ജനങ്ങൾ വിലയിരുത്തുമെന്നും സിറ്റിംഗ് എംഎൽഎ എന്ന നിലയിലുള്ള സ്വാധീനം വോട്ടായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലുള്ള തന്റെ പ്രവർത്തനം കുട്ടികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ശിവൻകുട്ടി പറഞ്ഞു. 'മന്ത്രി അപ്പൂപ്പന്' വോട്ട് ചെയ്യണമെന്ന് കുട്ടികൾ തന്നെ വീട്ടുകാരോട് ആവശ്യപ്പെടുന്ന സാഹചര്യം മണ്ഡലത്തിലുണ്ട്. വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ആക്ഷേപങ്ങൾക്ക് ഇടയില്ലാത്ത വിധം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ വെല്ലുവിളിയെ മന്ത്രി തള്ളിക്കളഞ്ഞു. നേമത്തെ ജനങ്ങൾ പണാധിപത്യത്തിൽ വിശ്വസിക്കുന്നവരല്ലെന്നും മതേതരത്വ കാഴ്ചപ്പാടുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നത് എൽഡിഎഫിന് ഗുണകരമാണെന്നും, മുൻപ് ശക്തരായ സ്ഥാനാർഥികൾ ഇല്ലാതിരുന്നപ്പോഴും എൽഡിഎഫ് മണ്ഡലത്തിൽ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Similar Posts