< Back
Kerala
BJP woman leader suspended for defrauding money using stolen ATM card
Kerala

കളഞ്ഞുകിട്ടിയ എടിഎം കാർഡുപയോഗിച്ച് പണം തട്ടിയ ബിജെപി വനിതാ നേതാവിന് സസ്പെൻഷൻ

Web Desk
|
18 March 2025 8:05 PM IST

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗം സുജന്യ ഗോപിക്കെതിരെയാണ് പാർട്ടി നടപടി.

ചെങ്ങന്നൂര്‍‌: കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്നും പണം തട്ടിയ കേസില്‍ അറസ്റ്റിലായ വനിതാ നേതാവായ ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ സസ്പെൻഡ് ചെയ്ത് ബിജെപി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗം വനവാതുക്കര തോണ്ടറപ്പടിയില്‍ സുജന്യ ഗോപി (42)ക്കെതിരെയാണ് പാർട്ടി നടപടി.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തിരുവൻവണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജന്യ ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിർദേശപ്രകാരം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി ആലപ്പുഴ തെക്ക് ജില്ലാ അധ്യക്ഷൻ സന്ദീപ് വാചസ്പതി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവയ്ക്കാനും നിർദേശം നൽകിയതായി വാർത്താക്കുറിപ്പിൽ പറയുന്നു.

കേസിൽ സുജന്യയുടെ കൂട്ടാളിയായ കല്ലിശ്ശേരി വല്യത്ത് സലിഷ് മോന്‍ (46) എന്ന ഓട്ടോ ഡ്രൈവറും അറസ്റ്റിലായിരുന്നു. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം കണ്ടത്തുംകുഴിയില്‍ വിനോദ് ഏബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 14ന് രാത്രി കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ ഭാര്യയെ ജോലിക്കായി കൊണ്ടുവിട്ട ശേഷം തിരിച്ചുവീട്ടിലേക്ക് വരുമ്പോഴാണ് വിനോദിന്റെ എടിഎം കാര്‍ഡ് അടങ്ങിയ പഴ്‌സ് നഷ്ടമായത്.

വഴിയില്‍ നിന്നും ഓട്ടോ ഡ്രൈവറായ സലിഷ് മോന് പഴ്‌സ് ലഭിച്ചതിനെ തുടര്‍ന്ന് വിവരം സുജന്യയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും സ്‌കൂട്ടറില്‍ 15ന് രാവിലെ ആറിനും എട്ടിനും ഇടയില്‍ ബുധനൂര്‍, പാണ്ടനാട്, മാന്നാര്‍ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍ എത്തി 25,000 രൂപ പിന്‍വലിച്ചു.

എടിഎം കാര്‍ഡിനോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് തുക പിന്‍വലിച്ചത്. തുക പിന്‍വലിച്ചതായുള്ള ബാങ്കിന്റെ സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പണം നഷ്ടമായ വിവരം വിനോദ് അറിയുന്നത്. ഇതേ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ പൊലീസിൽ പരാതി നല്‍കിയത്.

നഷ്ടമായ പഴ്‌സ് 16ന് പുലര്‍ച്ചെ കല്ലിശ്ശേരി- ഓതറ റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തു നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സിഐ എ.സി വിപിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്‍ എടിഎം കൗണ്ടറുകളുടെയും സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇരുവരും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന ദ്യശ്യങ്ങളും എടിഎം കൗണ്ടറിലെ ദൃശ്യങ്ങളും തെളിവായി ലഭിച്ചു. സ്‌കൂട്ടര്‍ നമ്പറില്‍ നിന്നുമാണ് സലിഷിനെയും തുടര്‍ന്ന് സുജന്യയെയും പിടികൂടിയത്.



Similar Posts