
മഞ്ചേശ്വരം മണ്ഡലം പിടിക്കാൻ ബിജെപിയുടെ പ്ലാൻ ബി; പ്രാദേശിക നേതാവിനെ സ്ഥാനാർഥിയാക്കാൻ നീക്കം
|1987 മുതൽ ബിജെപി രണ്ടാം സ്ഥാനത്തുള്ള മണ്ഡലമാണ് മഞ്ചേശ്വരം.
കാസർകോട്: മഞ്ചേശ്വരം മണ്ഡലം പിടിക്കാൻ പ്ലാൻ ബിയുമായി ബിജെപി. മണ്ഡലത്തിൽ മത്സരിക്കാൻ സംസ്ഥാന നേതാക്കൾ എത്തുന്നത് ബിജെപിക്കെതിരെ വോട്ട് ഏകീകരിക്കാൻ കാരണമാവുന്നതായി വിലയിരുത്തൽ. ഇത് പരാജയത്തിന് ഇടയാക്കുന്നു. ഇത്തവണ പ്രാദേശിക നേതാക്കളെ സ്ഥാനാർഥികളാക്കി മണ്ഡലത്തിൽ അട്ടിമറി വിജയം നേടുകയാണ് ബിജെപിയുടെ ലക്ഷ്യം.
1987 മുതൽ ബിജെപി രണ്ടാം സ്ഥാനത്തുള്ള മണ്ഡലമാണ് മഞ്ചേശ്വരം. കെ.ജി മാരാർ മുതൽ കെ. സുരേന്ദ്രൻ വരെയുള്ള നേതാക്കൾ മത്സരിച്ച മണ്ഡലം. 2011, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് ബിജെപി സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കാൻ എത്തിയത്. ആദ്യ തെരഞ്ഞെടുപ്പിൽ 5828 വോട്ടുകൾക്ക് തോറ്റ കെ. സുരേന്ദ്രൻ 2016ൽ കേവലം 89 വോട്ടിനായിരുന്നു പരാജയപ്പെട്ടത്.
2021ൽ 745 വോട്ടുകൾക്ക് എകെഎം അഷ്റഫിനോട് കെ. സുരേന്ദ്രൻ പരാജയപ്പെട്ടു. ബിജെപിക്കെതിരെ വോട്ട് ഏകീകരിക്കപ്പെടുന്നതാണ് പരാജയത്തിന് കാരണമെന്നാണ് പാർട്ടി വിലയിരുത്തൽ. മണ്ഡലത്തിൽ സംസ്ഥാന നേതാക്കൾ മത്സരിക്കുന്നത് ബിജെപിക്കെതിരെ വോട്ട് ഏകീകരിക്കുന്നതിന് കാരണമാവുന്നു. അതിനാൽ പ്രാദേശിക നേതാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ട്.
പ്രാദേശിക നേതാക്കളെ മത്സരിപ്പിച്ച് ശബ്ദകോലാഹലങ്ങളില്ലാതെ നിശബ്ദമായി വിജയിച്ചു കയറാനാവുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ഇത്തവണ സംസ്ഥാന നേതാക്കൾക്ക് പകരം തുളുനാട്ടിലെ യുവനേതാക്കളെ പരീക്ഷിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.