< Back
Kerala
തൃക്കാക്കരയില്‍ കള്ളവോട്ടിനുള്ള ശ്രമം കയ്യോടെ പിടികൂടി യു.ഡി.എഫ്; യുവാവ് അറസ്റ്റില്‍
Kerala

തൃക്കാക്കരയില്‍ കള്ളവോട്ടിനുള്ള ശ്രമം കയ്യോടെ പിടികൂടി യു.ഡി.എഫ്; യുവാവ് അറസ്റ്റില്‍

Web Desk
|
31 May 2022 1:55 PM IST

കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നിയിൽ കള്ളവോട്ടിന് ശ്രമിച്ചയാൾ അറസ്റ്റിൽ. ടി.എം സഞ്ജുവെന്ന വോട്ടറുടെ പേരിലുള്ള വോട്ട് ചെയ്യാനെത്തിയ ആല്‍ബിന്‍ എന്നയാളാണ് അറസ്റ്റിലായത്. കള്ളവോട്ട് ചെയ്യാനെത്തിയ ആല്‍ബിനെ യു.ഡി.എഫ് പ്രവർത്തകർ തടയുകയായിരുന്നു. ഇയാള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ടി എം സഞ്ജു പ്രവാസിയാണെന്നാണ് വിവരം. സഞ്ജു നായര്‍ എന്ന ഐഡന്‍റിറ്റി കാര്‍ഡ് കാണിച്ചതോടെയാണ് പ്രിസൈഡിങ് ഓഫീസര്‍ക്ക് സംശയം തോന്നിയത്. ഇയാള്‍ വോട്ടര്‍ പട്ടികയിലെ സഞ്ജു അല്ലെന്ന് യു.ഡി.എഫ് ബൂത്ത് ഏജന്‍റ് തിരിച്ചറിഞ്ഞു. സഞ്ജു നായര്‍ എന്ന പേരിലുള്ള വ്യാജ ഐഡന്‍റിറ്റി കാര്‍ഡാണ് ഇയാള്‍ കൊണ്ടുവന്നതെന്നാണ് വ്യക്തമാകുന്നത്. സി.പി.എം വ്യാപകമായി കള്ളവോട്ടിന് ശ്രമിക്കുമെന്ന യു.ഡിഎഫിന്‍റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 12 മണി വരെ 39.31 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. രാവിലെ മുതൽ എല്ലാ ബൂത്തുകളിലും നീണ്ട ക്യൂവാണ്. മരോട്ടിച്ചുവടിലെ 23ആം നമ്പർ ബൂത്തിൽ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫീസറെ പൊലീസ് പിടികൂടി.

Similar Posts