< Back
Kerala
KSEB
Kerala

ശമ്പളം നൽകാൻ കടമെടുക്കണം; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കെഎസ്‌ഇബി

Web Desk
|
25 Jan 2024 10:49 AM IST

ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കെഎസ്ഇബി. ശമ്പളം, പെൻഷൻ വിതരണത്തിന് വായ്പ എടുക്കേണ്ട അവസ്ഥയാണുള്ളത്. തുടങ്ങാത്ത പദ്ധതികൾ മാറ്റി വെക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിർദേശം നൽകി. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ മാർച്ച് 31 ന് മുമ്പായി കമ്മീഷൻ ചെയ്യുന്നവക്ക് മാത്രം പണം അനുവദിക്കും. 2024-2025 തുടങ്ങേണ്ട പദ്ധതികൾ ചുരുക്കും.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് മൂന്ന് പ്രധാന കാരണങ്ങളാണ് സിഎംഡി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കിയത് വഴി പുറത്തുനിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വന്ന് എന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. മൺസൂൺ കുറഞ്ഞതും പ്രതിസന്ധിയായി. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ കെഎസ്ഇബിക്ക് വലിയ കുടിശിക വരുത്തിയിട്ടുണ്ട്, ഇത് തിരിച്ചുകിട്ടിയിട്ടില്ലെന്നും സിഎംഡി ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാരുടെ പെൻഷനും ശമ്പളവും നൽകുന്നതിന് പുറത്തുനിന്ന് വായ്പ എടുക്കേണ്ട സ്ഥിതിയാണുള്ളതെന്നും കെഎസ്ഇബി വ്യക്തമാക്കി. ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നിലവിൽ തുടങ്ങാത്ത ഒരു പദ്ധതിയും ഇനി തുടങ്ങേണ്ടതില്ല എന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. പാലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും കെഎസ്‌ഇബി നൽകി.

Similar Posts