< Back
Kerala
മലയാലപ്പുഴയിൽ മന്ത്രവാദത്തിന്റെ പേരിൽ നടത്തിയത് ക്രൂരമർദനം; ദൃശ്യങ്ങൾ പുറത്ത്
Kerala

മലയാലപ്പുഴയിൽ മന്ത്രവാദത്തിന്റെ പേരിൽ നടത്തിയത് ക്രൂരമർദനം; ദൃശ്യങ്ങൾ പുറത്ത്

Web Desk
|
15 Oct 2022 9:05 AM IST

വാസന്തി മഠത്തിലെ മന്ത്രവാദിയായിരുന്ന കുമ്പഴ സ്വദേശി ശോഭനയെയും സഹായിയെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു

പത്തനംതിട്ട: മലയാലപ്പുഴയിൽ മന്ത്രവാദത്തിന്റെ പേരിൽ നടത്തിയ മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. മലയാലപ്പുഴ വാസന്തിയമ്മ മഠത്തിൽ നടന്ന മന്ത്രവാദത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മഠത്തിലെത്തിയ സ്ത്രീയെ വടികൊണ്ട് മർദിക്കുന്നതും നെഞ്ചിൽ ചവിട്ടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. തലമുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്യുന്നുണ്ട്.

ആഭിചാര ക്രിയകളുടെ ഭാഗമായി ഇത്തരമൊരു ക്രൂരത നടന്നത്. വാസന്തി മഠത്തിലെ മന്ത്രവാദിയായിരുന്ന കുമ്പഴ സ്വദേശി ശോഭനയെയും സഹായിയെയും പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിനുശേഷമാണ് ഇവരുടെ കേന്ദ്രവുമായി ബന്ധപ്പെട്ട നിരവധി ദൃശ്യങ്ങൾ പുറത്തുവരുന്നത്. ഇത് എന്ന് നടന്നതാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല.

ദുർമന്ത്രവാദം നടക്കുന്നതായി ആരോപിച്ച് വാസന്തി അമ്മ മഠംനാട്ടുകാർ തല്ലിത്തകർത്തിരുന്നു. ശോഭന കുട്ടികളെ ആഭിചാര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായും പരാതിയുയർന്നിരുന്നു.മലയാലപ്പുഴയിൽ വീട് കേന്ദ്രീകരിച്ചാണ് മഠം പ്രവർത്തിച്ചിരുന്നത്. നേരത്തേ മുതലേ ഇവിടെ ദുർമന്ത്രവാദം നടക്കുന്നതായി ആരോപണങ്ങളുണ്ടായിരുന്നു. ഭഗവതി ദേവി എന്നാണ് ശോഭന അറിയപ്പെടുന്നത്. ആഭിചാരക്രിയകളടക്കം കുട്ടികളെ ഉപയോഗിച്ച് നടത്തുന്നു എന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഡിവൈഎഫ്ഐ,യൂത്ത് കോൺഗ്രസ് തുടങ്ങി വിവിധ രാഷ്ടീയ പാർട്ടികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടത്തിയിരുന്നത്.ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് ദേവകിയെ കസ്റ്റഡിയിലെടുത്തത്.



Similar Posts