< Back
Kerala
ബഡ്‌സ് സ്‍കൂളുകൾ മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയർത്തും
Kerala

ബഡ്‌സ് സ്‍കൂളുകൾ മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയർത്തും

Web Desk
|
11 Feb 2022 6:39 AM IST

ബഡ്‌സ് സ്‍കൂളുകളിൽ തെറാപ്പിസ്‌റ്റുകളുടെ സേവനം ഉറപ്പ് വരുത്താനും തീരുമാനിച്ചു.

എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന കാസർകോട് ജില്ലയിലെ ബഡ്‌സ് സ്‍കൂളുകൾ മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയർത്തും. ബഡ്‌സ് സ്‍കൂളുകളിൽ തെറാപ്പിസ്‌റ്റുകളുടെ സേവനം ഉറപ്പ് വരുത്താനും തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിലച്ചെന്ന പരാതിക്കിടെയാണ് പുതിയ പ്രഖ്യാപനം.

കാസർകോട് ജില്ലയിൽ 11 ബഡ്‌സ് സ്‍കൂളാണ് ഉള്ളത്. ഇതിൽ 6 എണ്ണം മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളായി നേരത്തേ ഉയർത്തിയിരുന്നു. ഇതുൾപ്പടെയുള്ള ബഡ്സ് സ്കൂളുകളിൽ അടിസ്‌ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ നേതൃത്വത്തിലാവും ബഡ്സ് സ്കൂളുകളുടെ അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.

കുട്ടികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തും. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കാനായി പാരന്‍റല്‍ ക്ലിനിക്കുകള്‍ ആരംഭിക്കും. കുട്ടികളിലെ വൈകല്യം നേരത്തെ കണ്ടെത്തുന്നതിനുള്ള സംവിധാനവും എല്ലാ സെന്‍ററുകളിലും ഉണ്ടാവും.

ഫിസിയോ തെറാപ്പി, സ്‌പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്നാണ് വാഗ്ദാനം. ഇതോടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഏറെ ആശ്വാസമാവുമെന്നാണ് പ്രതീക്ഷ. 2020 ജൂലൈ നാലിന് തറക്കല്ലിട്ട മുളിയാറിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്കായുള്ള പുനരധിവാസ ഗ്രാമം പദ്ധതി നിര്‍മ്മാണം തുടങ്ങാത്തതിനെക്കുറിച്ച് മീഡിയ വൺ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുനരധിവാസ ഗ്രാമം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം പോലും തുടങ്ങാത്തതിൽ പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് ഇപ്പോൾ ബഡ്സ് സ്കൂളുകള്‍ മെച്ചപ്പെടുത്തുമെന്ന പ്രഖ്യാപനം.

Similar Posts