
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
|ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിടമാണ് തകർന്നത്
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് അപകടം. മൂന്ന് പേര്‍ മരിച്ചു. കിണാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ് എന്നിവരാണ് മരിച്ചത്.. ഗാമ ട്രേഡേഴ്സിലെ തൊഴിലാളികളാണ് ഇവര്‍. ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിടമാണ് തകർന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ലോഡിങ് തൊഴിലാളികളാണെന്നാണ് വിവരം. കെട്ടിടത്തിന്‍റെ മുൻഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. പലഭാഗത്തും ബീം പൊട്ടി തൂങ്ങിനിൽക്കുന്ന നിലയാണ്. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെട്ടിടത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ബൈക്കുകളും ഉണ്ട്. ലോഡിങ് തൊഴിലാളികൾ വിശ്രമിക്കാനും മറ്റുമായി ഇരിക്കുന്ന സ്ഥലമാണിത്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളജിലേക്കുമാണ് മാറ്റിയത്.
കെട്ടിടം അൺ ഫിറ്റ് ആയിരുന്നുവെന്ന് കോർപറേഷൻ പ്രതിപക്ഷം ആരോപിച്ചു. 2024 ൽ കെട്ടിടം പൊളിച്ചു മാറ്റാൻ തീരുമാനിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് എസ്.കെ അബൂബക്കർ പറഞ്ഞു. പൊളിക്കാൻ തീരുമാനിച്ച കെട്ടിടം എന്തിന് വാടകക്ക് നൽകിയെന്നും കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു.