
സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിൽ നിലവാരം കുറവെന്ന് സിഎജി; ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ രൂക്ഷമായ കുറവ്
|ഇന്ത്യൻ പബ്ലിക്ക് ഹെൽത്ത് സ്റ്റാൻഡേർഡുകൾ നിർദ്ദേശിച്ചിരുന്ന ഏറ്റവും കുറഞ്ഞ അവശ്യ സേവനങ്ങൾ പോലും ആശുപത്രികളിൽ ലഭ്യമല്ല
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ നിലവാരം കുറവെന്ന് സിഎജി കണ്ടെത്തൽ. ഡോക്ടർമാരടക്കമുള്ള പൊതുജനാരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ രൂക്ഷമായ കുറവാണ് നേരിടുന്നത്. മരുന്ന് വിതരണത്തിലെ വീഴ്ചയിൽ കെ.എംഎസ്.സി.എല്ലിന് എതിരെ രൂക്ഷ വിമർശനവും സി.എ.ജി ഉയർത്തുന്നു. സഭയിൽ വെച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകാൻ ഡോക്ടർമാരില്ല. അതിൽ സെപ്ഷ്യലിസ്റ്റ് ഡോക്ടർമാരുടെ എണ്ണം വളരെ കുറവാണ്. നെഴ്സുമാരും ഫാർമസിസ്റ്റുകളും ലാബ് ടെക്നീഷ്യൻമാരും ഒന്നും ആവശ്യത്തിനില്ല. ഇതെല്ലാം ഡോക്ടർമാരുടെ ജോലി ഭാരം കൂട്ടുകയും രോഗികൾക്ക് അസൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ത്യൻ പബ്ലിക്ക് ഹെൽത്ത് സ്റ്റാൻഡേർഡുകൾ നിർദ്ദേശിച്ചിരുന്ന ഏറ്റവും കുറഞ്ഞ അവശ്യ സേവനങ്ങൾ പോലും ആശുപത്രികളിൽ ലഭ്യമല്ല. ആദ്രം മിഷൻ ഉദ്ദേശ ലക്ഷ്യം നിറവേറ്റുന്നില്ല. നാല് മെഡിക്കൽ കോളേജിൽ അക്കാദമിക് പ്രവർത്തനം ആരംഭിക്കുന്നതിൽ അസാധാരണ കാലതാമസം നേരിട്ടു. കെഎംഎസ് സിഎല്ലിന് എതിരെ കടുത്ത വിമർശനമാണ് റിപ്പോർട്ടിൽ ഉള്ളത്.
മരുന്നുകൾ ആവശ്യത്തിന് എത്തിക്കാൻ കഴിഞ്ഞില്ല. മരുന്നുകളുടെ ഗുണമേൻമ ഉറപ്പാക്കാനും നടപടി ഉണ്ടായില്ല. ടെണ്ടർ മാനദണ്ഡങ്ങളിൽ ഗുരുതര വീഴ്ച സംഭവിച്ചു. ആവശ്യത്തിന് മരുന്നില്ലാത്ത പരാതികൾ വ്യാപകമാണ്. മരുന്നു കമ്പനികളിൽ നിന്ന് ഈടാക്കേണ്ടിയിരുന്ന 1.64 കോടി പിഴ കെഎംഎംസിഎൽ ഈടാക്കിയില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തിൻ്റെ റവന്യു ചിലവ് കൂടുകയും മൂലധന ചിലവ് കുറയുകയും ചെയ്തതായി സി.എ.ജിയുടെ വാർഷിക ധനകാര്യ പരിശോധന റിപ്പോർട്ടും നിരീക്ഷിക്കുന്നു.