
ഗതാഗത മന്ത്രിക്ക് തെറ്റി; കെഎസ്ആര്‍ടിസി ബസിൽ മദ്യപിച്ച് യാത്ര ചെയ്യാൻ പാടില്ല
|മദ്യപിച്ച് കയറിക്കോളൂ ബസിൽ, പക്ഷേ മിണ്ടാതെ ഇരുന്നോളണം എന്നായിരുന്നു മന്ത്രി ഗണേഷ് കുമാർ പറഞ്ഞത്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിൽ മദ്യപിച്ച് കയറിയാൽ പ്രശ്നമില്ലെന്നും സഹയാത്രികരെ ഉപദ്രവിച്ചാൽ നടപടിയുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരം വർക്കലയിൽ മദ്യപിച്ചെത്തിയയാൾ വിദ്യാർഥിനിയെ ട്രെയിനിൽ നിന്ന് ചവിട്ടി തള്ളിയിട്ടിട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഈ വിഷയം മന്ത്രി ഗണേഷ് കുമാറിനോട് ചോദിച്ചത്. 'മദ്യപിച്ചതിന്റെപേരിൽ ആരെയും ബസിൽ കയറ്റാതിരിക്കാൻ കഴിയില്ല. വണ്ടിയില്‍ കയറിയാല്‍ മിണ്ടാതിരുന്നോളണം.അതല്ല, സ്ത്രീകളെ ശല്യം ചെയ്യുക,അടുത്തിരിക്കുന്ന യാത്രക്കാന്‍റെ തോളത്ത് ചായുക തുടങ്ങി സഹയാത്രികരെ ശല്യം ചെയ്യുന്നവരെ പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ കണ്ടക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കണ്ടക്ടറെ ചീത്തവിളിക്കുകയോ വഴക്ക് കൂടുകയോ ചെയ്താലും പൊലീസ് സ്റ്റേഷനിലേക്ക് വിടും' എന്നായിരുന്നു മന്ത്രി പറഞ്ഞത്.
എന്നാല്‍ മദ്യപിച്ച് ബസിൽ കയറിയാൽ യാത്ര ചെയ്യാൻ അനുവദിക്കാൻ പാടില്ല എന്നാണ് കെഎസ്ആര്‍ടിസിയുടെ നിയമം.കെഎസ്ആര്‍ടിസി മാന്വലില്‍ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്. വിവിധ വിഭാഗം ജീവനക്കാരുടെ ജോലിയും ഉത്തരവാദിത്തങ്ങളും വിവരിക്കുന്ന മാന്വലിൻ്റെ 28 പേജിലെ വരികൾ വായിക്കുക. മദ്യപിച്ച് വരുന്നവരെയും പകർച്ചവ്യാധികളുമായി വരുന്നവരെയും ബസിൽ കയറ്റാൻ പാടില്ല എന്നാണ് ഇതില്‍ പറയുന്നത്. മദ്യപിച്ചിട്ടാണ് വരുന്നതെങ്കിൽ യാത്രക്കാരനെ ബസിൽ കയറ്റാതെയിരിക്കാം എന്നാണ് മാന്വല്‍ പറയുന്നത്.
വിഡിയോ സ്റ്റോറി കാണാം...