< Back
Kerala
muvattupuzha canal,MVIP canalmuvattupuzha,canal collapsed
Kerala

മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞുവീണു; കാർ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Web Desk
|
23 Jan 2023 10:52 AM IST

വെള്ളവും ചെളിയും റോഡിലേക്ക് വീണതോടെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു

മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞു വീണു. മൂവാറ്റുപുഴ -കൂത്താട്ടുകുളം ലിങ്ക് റോഡിൽ പണ്ടപ്പിള്ളിയ്ക്ക് സമീപമാണ് എംവി ഐ പി കനാൽ ഇടിഞ്ഞ് റോഡിലേക്ക് പതിച്ചത്. വെള്ളവും ചെളിയും റോഡിലേക്ക് വീണതോടെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. കനാൽ ഇടിഞ്ഞുവീഴുന്നതിന് തൊട്ടുമുമ്പ് ഒരു കാർ അത് വഴി കടന്നുപോയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് കനാൽ ഇടിഞ്ഞുവീണ് വെള്ളവും ചെളിയും റോഡിലേക്ക് ഒഴുകിയെത്തിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നു. ആ സമയം മറ്റ് വാഹനങ്ങളും ആളുകളും റോഡിലില്ലാത്തതും അപകടം ഇല്ലാതാക്കി.

ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് പെരിയാർവാലിയുടെ കനാൽ ഇടിഞ്ഞുവീണത്. റോഡിന് സമീപം 30 അടി ഉയർച്ചയിലാണ് കനാലുള്ളത്. വേനൽക്കാലത്തിന്റെ തുടക്കമായതിനാൽ കഴിഞ്ഞ ദിവസം മുതൽ കനാലിലൂടെ വെള്ളം ഒഴുക്കിവിടുന്നുണ്ടായിരുന്നു.

കനാൽ ഇടിഞ്ഞ് വെള്ളം റോഡിലേക്കും സമീപത്തെ വീടുകളിലേക്കും ഇരച്ചെത്തി. അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ചെളിയും മണ്ണും നീക്കി റോഡ് ഗതാഗത യോഗ്യമാക്കുകയായിരുന്നു. 15 വർഷം മുമ്പും സമാന രീതിയിൽ കനാൽ ഇടിഞ്ഞുവീണിരുന്നെന്നും നാട്ടുകാർ പറയുന്നു.


Similar Posts