< Back
Kerala
സ്ഥാനാർഥി നിർണയം: തിരുവനന്തപുരത്ത് ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി

Photo | Special Arrangement

Kerala

സ്ഥാനാർഥി നിർണയം: തിരുവനന്തപുരത്ത് ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി

Web Desk
|
14 Nov 2025 6:34 PM IST

നേമം മണ്ഡലം സെക്രട്ടറി, കരമന ഏരിയാ കമ്മിറ്റി പ്രസിഡൻ്റ് ഉൾപ്പടെയുള്ള നേതാക്കൾ രാജിവെച്ചു

തിരുവനന്തപുരം: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയിൽ വീണ്ടും തമ്മിലടി. നേമം മണ്ഡലം സെക്രട്ടറി, കരമന ഏരിയാ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഉൾപ്പടെയുള്ളവർ സ്ഥാനം രാജിവെച്ചു. മുടവൻമുഗൾ വാർഡിൽ ബിജുകുമാറിനെ സ്ഥാനാർഥിയാക്കിയതിലാണ് വ്യാപക പ്രതിഷേധം.

തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ ബിജെപിയിൽ സ്ഥാനാർഥി നിർണയം മുതൽ തുടങ്ങിയതാണ് പ്രശ്നങ്ങൾ. ബിഡിജെഎസ്മായുള്ള തർക്കം ഒരുവിധം പരിഹരിച്ചു തീരുമ്പോഴാണ് പാർട്ടിയിൽ വീണ്ടും പൊട്ടിത്തെറി. നീണ്ട ചർച്ചകൾക്കൊടുവിൽ രണ്ടാംഘട്ടത്തിലാണ് മുടവൻമുഗൾ വാർഡിൽ ബിജുകുമാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പിന്നാലെയാണ് നേതാക്കളുടെ കൂട്ടരാജി.

നേമം മണ്ഡലം സെക്രട്ടറി രാജ് കുമാർ, കരമന ഏരിയാ വൈസ് പ്രസിഡൻ്റ് ജി.രുദ്രാക്ഷൻ, ഏരിയാ കമ്മിറ്റിയംഗം അനീഷ് ശ്രീനിവാസൻ ഉൾപ്പെടെയുള്ളവരാണ് സ്ഥാനം രാജിവെച്ചത്. നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന് ആരോപിച്ചാണ് രാജി. പ്രവർത്തകരും അണികളും കടുത്ത പ്രതിഷേധത്തിലാണ്. രാജിവെച്ചവർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന് താഴെ പ്രാദേശിക നേതാക്കളും പ്രവർത്തകരും വലിയ പ്രതിഷേധമാണ് പങ്കുവെക്കുന്നത്.

നേമത്തെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ഏരിയാ പ്രസിഡൻ്റ് എം.ജയകുമാറും നേരത്തെ രാജി വെച്ചിരുന്നു. ജയകുമാറിനെ അനുനയിപ്പിച്ച് രാജി പിൻവലിപ്പിച്ച ആശ്വാസത്തിൽ നിൽക്കുമ്പോഴാണ് ബിജെപിക്ക് തലവേദനയായി കൂടുതൽ നേതാക്കളുടെ രാജി. കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻ മത്സരിച്ചു ജയിച്ച മുടവൻമുഗളിൽ കോൺഗ്രസാണ് പ്രധാന എതിരാളി.

Similar Posts