
കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി നിർണയം; നേമത്ത് ബിജെപിയിൽ കലാപം
|എം.ആർ ഗോപനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥാനാർഥി നിർണായത്തെ ചൊല്ലി ബിജെപിയിൽ കലാപം. നേമം ഏരിയ പ്രസിഡൻ്റ് എം. ജയകുമാർ രാജിവച്ചു. വട്ടിയൂർക്കാവിലും നേമത്തും തിരുവനന്തപുരം സെൻട്രലിലും വിമതനീക്കവുമായി പ്രാദേശിക നേതാക്കൾ രംഗത്തെത്തി. സംസ്ഥാന നേതാവിനായി കോൺഗ്രസുമായി ധാരണയെന്നും പ്രാദേശിക നേതാക്കളുടെ ആരോപണം.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെകയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർഥി നിർണിയത്തെച്ചൊല്ലിയുള്ള ബിജെപിയിലെ കലാപം. നേതൃത്വം സ്ഥാനാർഥികളായി തീരുമാനിച്ചവരെ അംഗീകരിക്കാൻ ആകില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ മറികടന്നാണ് സ്ഥാനാർഥി പട്ടികയെന്നാണ് പരാതി.
എം.ആർ ഗോപനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസമാണ് നിയമം ഏരിയാ പ്രസിഡന്‍റ് കെ. ജയകുമാർ രാജിവെച്ചത്. രാജിക്കത്ത് ജില്ലാ പ്രസിഡന്‍റ് കരമന ജയന് കൈമാറി. നിലവിലെ കൗൺസിലർ ദീപികയെ വീണ്ടും മത്സരിപ്പിക്കണമെന്ന് ആവശ്യം. എം.ആർ ഗോപൻ കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും ജയകുമാർ രാജിക്കത്തിൽ പറയുന്നു. വട്ടിയൂർക്കാവിലും നേമത്തും തിരുവനന്തപുരം സെൻട്രലിലും സ്ഥാനാർഥി നിർണയത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
പ്രവർത്തകരുടെ വികാരം കണക്കിലെടുക്കാതെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാൽ വിമതനീക്കവുമായി രംഗത്തിറങ്ങാൻ ആണ് പ്രാദേശിക നേതാക്കൾ ഒരുങ്ങുന്നത്. ആവശ്യം പരിഗണിച്ചില്ലെങ്കിൽ കൂടുതൽ പേർ രാജിക്കും ഒരുങ്ങുന്നുണ്ട്. സംസ്ഥാന നേതാക്കൾക്കായി കോൺഗ്രസുമായി ബിജെപി ധാരണ ഉണ്ടാക്കിയെന്നും പരാതിയുണ്ട്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് കോർപ്പറേഷനിലെ തെരഞ്ഞെടുപ്പ് ചുമതല . ഇത്തവണ തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കുമെന്ന് പ്രഖ്യാപിച്ച ബിജെപിക്ക് സ്ഥാനാർഥി പ്രഖ്യാപനം പോലും കീറാമുട്ടി ആവുകയാണ്.