< Back
Kerala
പ്രചാരണത്തിന് ഇറങ്ങിയില്ല; സ്ഥാനാർഥിയുടെ സഹോദരി ബന്ധുവായ സ്ത്രീയെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചതായി പരാതി
Kerala

പ്രചാരണത്തിന് ഇറങ്ങിയില്ല; സ്ഥാനാർഥിയുടെ സഹോദരി ബന്ധുവായ സ്ത്രീയെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചതായി പരാതി

Web Desk
|
30 Nov 2025 8:30 AM IST

പാളയംകുന്ന് സ്വദേശിനി സുനിലി എന്ന സ്ത്രീക്കാണ് മർദനമേറ്റത്

തിരുവനന്തപുരം: പ്രചാരണത്തിന് ഇറങ്ങിയില്ലെന്നാരോപിച്ച് ബന്ധുവായ സ്ത്രീയെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ച് സ്ഥാനാർഥിയുടെ സഹോദരി. വർക്കല അയിരൂർ പാളയംകുന്ന് ഗുരുമന്ദിരത്തിന് സമീപം വെള്ളിയാഴ്ച വൈകിട്ട് 6.15 ഓടെയാണ് സംഭവം. ചതയ പൂജക്കായി പോയി മടങ്ങിയ പാളയംകുന്ന് സ്വദേശിനി സുനിലി എന്ന സ്ത്രീക്കാണ് മർദനമേറ്റത്.

സുനിലിയുടെ ബന്ധുവും ഇലകമൺ പഞ്ചായത്ത് ശാസ്താംനട വാർഡിൽ സ്ഥാനാർഥിയുമായ ബാലുവിൻ്റെ സഹോദരിയുമായ ബിന്ദു വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം വിളിക്കുകയും പൊതിരെ തല്ലുകയും ചെയ്തെന്നാണ് പരാതി. സഹോദരൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിളിച്ചിട്ടും സുനിലി ചെന്നില്ലെന്നാരോപിച്ചായിരുന്നു പൊതുമധ്യത്തിൽ വച്ച് വഴക്കിട്ടത്. തുടർന്ന് വാക്കേറ്റം കയ്യാങ്കളിയിലേക്ക് മാറി.

പിടിച്ചു മാറ്റാൻ എത്തിയവരെ പോലും വക വയ്ക്കാതെ ബിന്ദു ക്രൂരമായി മർദിച്ചു.ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. മുഖത്തും നെഞ്ചിലും അടിയേറ്റ് നിലത്തുവീണ തന്നെ ക്രൂരമായി ചവിട്ടിയതായും മാല പിടിച്ചു പൊട്ടിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ ബിന്ദുവിന് ഒപ്പമുണ്ടായിരുന്ന സന്തോഷ് എന്ന ആളിനെയും പ്രതിചേർത്ത് അയിരൂർ എസ് എച്ച് ഒ സജീവ് കേസെടുത്തു. മർദനത്തിൽ പരിക്കേറ്റ സുനിലിയുടെ പ്രതികരണം തേടിയപ്പോൾ ബന്ധു ആയതിനാൽ പ്രതികരിക്കുന്നില്ലെന്നും പൊലീസ് അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്നാണ് പറയുന്നത്.


Similar Posts