< Back
Kerala
ജോലിഭാരം താങ്ങാനാകുന്നില്ല, മലപ്പുറം കൊണ്ടോട്ടിയിൽ സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍
Kerala

'ജോലിഭാരം താങ്ങാനാകുന്നില്ല', മലപ്പുറം കൊണ്ടോട്ടിയിൽ സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍

Web Desk
|
24 Nov 2025 7:24 PM IST

ജോലി സമ്മര്‍ദം കൂടുതലാണെന്നും എല്ലാ കാര്യങ്ങളും ബിഎല്‍ഒമാര്‍ ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും ബിഎല്‍ഒമാര്‍ ഹരജിയില്‍ പറഞ്ഞു

മലപ്പുറം: അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ക്ക് സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍. മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാരാണ് തഹസില്‍ദാര്‍ക്ക് സങ്കട ഹരജി നല്‍കിയത്. ജോലി സമ്മര്‍ദം കൂടുതലാണെന്നും എല്ലാ കാര്യങ്ങളും ബിഎല്‍ഒമാര്‍ ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും ബിഎല്‍ഒമാര്‍ ഹരജിയില്‍ പറഞ്ഞു.

ആരുടെയെങ്കിലും വോട്ട് നഷ്ടപ്പെട്ടാല്‍ എല്ലാവരും തങ്ങള്‍ക്കെതിരെ നീങ്ങുമെന്ന് ആശങ്കയുണ്ട്. ഓരോ വോട്ടര്‍മാരുടെയും മുഴുവന്‍ ഡാറ്റയും ഡിജിറ്റലൈസ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ആദ്യം പറഞ്ഞത് എന്യൂമറേഷന്‍ ഫോമിന്റെ വിതരണവും സമാഹരണവും മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നായിരുന്നു. എന്നാല്‍, ഇപ്പോള്‍ പൂര്‍ണമായും എല്ലാ കാര്യങ്ങളും ബിഎല്‍ഒമാര്‍ ചെയ്യേണ്ട അവസ്ഥയായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ പ്രയാസമുണ്ടെന്നും ബിഎല്‍ഒമാര്‍ സങ്കട ഹരജിയില്‍ പറഞ്ഞു.

സംസ്ഥാനത്ത് ജോലിഭാരത്തില്‍ പലയിടങ്ങളിലും ബിഎല്‍ഒമാരുടെ പ്രതിഷേധം കനക്കുന്നതിനിടെയാണ് കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാരുടെ സങ്കട ഹരജി. ബിഎല്‍ഒമാര്‍ക്ക് പുതിയ ടാര്‍ഗറ്റ് നല്‍കിയതിനെതിരെ വിമര്‍ശനവുമായി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

Similar Posts