< Back
Kerala
Cant agree with Vellappally Nadesans hate speech in any way Says MA Baby
Kerala

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്ന് എംഎ ബേബി

Web Desk
|
8 April 2025 5:30 PM IST

എസ്‍എൻഡിപിക്ക് ബിജെപിയുമായി അടുക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും ബേബി പറഞ്ഞു. ‌

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. നമ്മളതിനെ തള്ളിക്കളയണം. എന്താണ് അവർ യാഥാർഥ്യബോധത്തോടെ സാഹചര്യത്തെ കാണാത്തതെന്നും ബേബി ചോദിച്ചു.

എസ്‍എൻഡിപിക്ക് ബിജെപിയുമായി അടുക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും ബേബി പറഞ്ഞു. ‌ശ്രീനാരായണ ധർമ പരിപാലന യോ​ഗമല്ലേ, ബിജെപിയുമായി ആളുകൾ മനസിലാക്കുന്ന തരത്തിലുള്ള ഒരു കൂട്ടുകെട്ടിൽ ഏർപ്പെടാൻ അവർക്കു കഴിയില്ലെന്നും എം.എ ബേബി പറഞ്ഞു.

വെള്ളാപ്പള്ളി നവോഥാന സമിതിയിൽ തുടരുമോ എന്ന ചോദ്യത്തിന് അതുമായി ബന്ധപ്പെട്ടവർ ഉചിതമായി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തുകയാണ് മന്ത്രി സജി ചെറിയാൻ ചെയ്തത്. വെള്ളാപ്പള്ളിയെ ജനങ്ങൾക്കറിയാമെന്നും പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സജി ചെറിയാൻ ആലപ്പുഴയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശത്തെ മറ്റൊരു രീതിയിൽ കാണേണ്ടെന്നും വെള്ളിയാഴ്ച നടക്കുന്ന സ്വീകരണയോഗത്തിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴക്കാരനായ വെള്ളാപ്പള്ളി വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ആലപ്പുഴക്കാരൻ കൂടിയായ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടോ എന്ന ചോദ്യത്തിന്, അതിനൊക്കെ പാർട്ടി സെക്രട്ടറി മറുപടി പറയും എന്നായിരുന്നു സജി ചെറിയാന്റെ മറുപടി. താൻ ഇനി സൂക്ഷിച്ചേ സംസാരിക്കൂ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനും അദ്ദേഹം ശ്രമിച്ചു.

തുടർന്ന്, വിദ്വേഷപരാമർശം നടത്തിയ പശ്ചാത്തലത്തിൽ ഇനി വെള്ളാപ്പള്ളിക്ക് സ്വീകരണമൊരുക്കുന്ന പരിപാടിയിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പുകഴ്ത്തൽ മറുപടി. 'വെള്ളാപ്പള്ളി ആരാണെന്ന് ഈ നാട്ടിലെ ജനങ്ങൾക്കറിയാം. അദ്ദേഹത്തിന്റെ ഒരു പരിപാടിക്ക് പോവുന്നതുകൊണ്ട് എന്തെങ്കിലും രാഷ്ട്രവിരുദ്ധത ഉണ്ടെന്ന ധാരണയും തനിക്കില്ല. ഈ പരിപാടി മാറ്റേണ്ട കാര്യമില്ല. അത് അതിന്റെ വഴിക്കുവഴിയേ പോകട്ടെ. പരാമർശത്തിൽ പാർട്ടിയുടെ അഭിപ്രായം സെക്രട്ടറി പറയും. വെള്ളിയാഴ്ച നടക്കുന്ന സ്വീകരണ പരിപാടിയിൽ പ​​ങ്കെടുക്കും'- സജി ചെറിയാൻ വിശദമാക്കി.

മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവും ആണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷപ്രസ്താവന. ഇതിനെതിരെ വിവിധ സംഘടനകൾ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. കേസെടുക്കേണ്ടതായിട്ടൊന്നും പരാമർശത്തിൽ ഇല്ലെന്നാണ് പൊലീസ് വാദം.

Similar Posts