< Back
Kerala
ചരക്ക് കപ്പൽ തീപിടുത്തം; കോഴിക്കോട് മുതൽ കൊച്ചി വരെ തീരത്ത് ജാ​ഗ്രത
Kerala

ചരക്ക് കപ്പൽ തീപിടുത്തം; കോഴിക്കോട് മുതൽ കൊച്ചി വരെ തീരത്ത് ജാ​ഗ്രത

Web Desk
|
10 Jun 2025 2:49 PM IST

കണ്ടെയ്നറുകൾ മൂന്നു ദിവസം കടലിലൂടെ ഒഴുകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്

തിരുവനന്തപുരം: ബേപ്പൂർ പുറം കടലിൽ തീപിടിത്തമുണ്ടായ കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടൈനറുകൾ അടക്കമുള്ളവ - തെക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്ന് അധികൃതര്‍ മുന്നറിയിപ്പ്. കോഴിക്കോട് - കൊച്ചി തീരങ്ങളിൽ ജാഗ്രത വേണം. കണ്ടെയ്നറുകൾ മൂന്നു ദിവസം കടലിലൂടെ ഒഴുകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.തീരത്ത് എത്താൻ കൂടുതൽ സമയമെടുക്കുമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഇൻകോയിസ്) മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഇതിനകത്ത് നിന്ന് എണ്ണചോർച്ചയുടെ സൂചനകളും വരുന്നുണ്ട്. എണ്ണചോർച്ച എത്ര അളവിൽ ഉണ്ടായിട്ടുണ്ട് എന്ന് ഈ ഘട്ടത്തിൽ പറയാനാവില്ല. 100 ടണ്ണോളം എണ്ണയുണ്ട്. അതിൽ എത്രത്തോളം ചോർന്നു എന്നത് പറയാൻ സാധിക്കില്ല. എന്നാൽ അത് തീരത്തിന് സമാന്തരമായി സഞ്ചരിക്കാനുള്ള സാധ്യതകളാണ് അവർ പ്രവചിക്കുന്നത്. അത് സംമ്പന്ധിച്ചുള്ള ചാർട്ടുകളും ഇൻകോയിസ് ലഭ്യമാക്കുന്നുണ്ട്.

മാരിടൈം ഓർഗനൈസേഷനിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം ക്ലാസ് 6(1)ൽ വരുന്ന കീടനാശിനികൾ ഉൾപ്പെടുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്. എന്നാല്‍ ഏതൊക്കെ കണ്ടെയ്നറുകളാണ് കപ്പലില്‍ വീണതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇതിന് പുറമെ 17 ടണ്‍ പെയിന്‍റും കണ്ടെയ്നറുകളിലുണ്ട്. അപകടകരമായ 157 ഇനം വസ്തുക്കൾ കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ട്.

മാരക വിഷാംശമടങ്ങിയ കീടനാശിനിയായ ബൈപറിഡിലിയം -1,83,200ലിറ്റര്‍, ബെൻസോഫിനോൻ-15 ടൺ,നൈട്രോ സെല്ലുലോസ്-11 ടൺ, തീപിടിക്കാവുന്ന റെസിൻ-17 ടൺ തുടങ്ങിയവും കണ്ടെയ്നറുകളിലുണ്ട്.

സിങ്ക് ഓക്സൈഡ് -20,340,ട്രൈ ക്ലോറോ ബൻസീൻ -2,08,000കിലോ,മീഥൈൽ ഫിനോൽ -28,826കിലോ, തുടങ്ങിയവയും കണ്ടെയ്നറുകളിലുണ്ട്. ഇവയില്‍ പലതും മനുഷ്യശരീരത്തിലെത്തിയാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

Similar Posts