< Back
Kerala
siddique
Kerala

'പീഡനം 101 -ഡി യില്‍': ഹോട്ടല്‍ മുറി തിരിച്ചറിഞ്ഞ് നടി, കണ്ടെത്തിയത് സിദ്ദിഖ് താമസിച്ചിരുന്ന മുറി

Web Desk
|
1 Sept 2024 8:38 AM IST

2016 ജനുവരിയിൽ സിദ്ദിഖ് താമസിച്ച മുറിയായിരുന്നു ഇത്

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ ലൈംഗിക പീഡന പരാതിയിൽ സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട ഹോട്ടൽ മുറി കാണിച്ചുകൊടുത്ത് പരാതിക്കാരിയായ നടി. പീഡനം നടന്നത് 101 ഡി യിൽ ആണെന്ന് നടി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തു. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടന്ന തെളിവെടുപ്പിലാണ് സംഭവം. ഇന്നലെയാണ് നടിയോടൊപ്പം പൊലീസ് ഹോട്ടലിൽ തെളിവെടുപ്പ് നടത്തിയത്. ഹോട്ടലിലെ ഒന്നാം നിലയിലെ 101 ഡി എന്ന മുറിയാണ് നടി ചൂണ്ടിക്കാട്ടിയത്. 2016 ജനുവരിയിൽ സിദ്ദിഖ് താമസിച്ച മുറിയായിരുന്നു ഇത്.

സിദ്ദിഖിനെതിരെ ഗുരുതര ആരോപണമാണ് യുവ നടി ആരോപിച്ചിരുന്നത്. സിദ്ദിഖിൽ നിന്നും ലൈം​ഗികാതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പോൾ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞിരുന്നു. ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് ലൈംഗികമായി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചൂവെന്നും വാക്കാലും ലൈംഗികാധിക്ഷേപം നടത്തിയെന്നും നടി മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തുകയായിരുന്നു. സിദ്ദിഖ് തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും നടി വെളിപ്പെടുത്തിയിരുന്നു.


Similar Posts