
ഡോക്ടറെ മർദിച്ചെന്ന് പരാതി; നടൻ കൃഷ്ണപ്രസാദിനും സഹോദരനും ബിജെപി കൗൺസിലറുമായ കൃഷ്ണകുമാറിനും എതിരെ കേസ്
|ഡോക്ടറുടെ പരാതി കള്ളമാണെന്നും മർദിച്ചിട്ടില്ലെന്നുമാണ് കൃഷ്ണകുമാർ പറയുന്നത്
ചങ്ങനാശേരി: നടൻ കൃഷ്ണപ്രസാദും ബിജെപി കൗൺസിലറായ സഹോദരനും മർദിച്ചെന്ന് അയൽവാസിയായ ഡോക്ടറുടെ പരാതി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ. ബി.ശ്രീകുമാർ (67) ആണ് ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
കോട്ടയം നഗരത്തിൽ താമസിക്കുന്ന ഡോക്ടർ ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് പുതിയ വീട് നിർമിക്കുന്നുണ്ട്. ഇതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് നടനും സഹോദരനും മർദിച്ചെന്നാണ് ഡോക്ടറുടെ പരാതിയിൽ പറയുന്നത്.
അതേസമയം ഡോക്ടറുടെ പരാതി കള്ളമാണെന്നും മർദിച്ചിട്ടില്ലെന്നുമാണ് കൃഷ്ണകുമാർ പറയുന്നത്. വയൽനികത്തിയ സ്ഥലത്താണ് ഡോക്ടർ നിർമാണപ്രവൃത്തി നടത്തുന്നതെന്നും ഇവിടെ റോഡിനോട് ചേർന്ന് വെള്ളമൊഴുകുന്ന ഓട നികത്താനുള്ള ശ്രമം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും നടൻ പറഞ്ഞു.