ശബരിമല സ്വര്‍ണക്കൊള്ള; യുട്യൂബ് വീഡിയോ അപ്‍ലോഡ് ചെയ്തതിൽ കെ. എം ഷാജഹാനെതിരെ കേസ്
|എസ്. ശ്രീജിത്ത് ഐപിഎസിന്‍റെ പരാതിയിലാണ് കേസെടുത്തത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുട്യൂബ് വീഡിയോ അപ്‍ലോഡ് ചെയ്തതിൽ കെ. എം ഷാജഹാനെതിരെ പൊലീസ് കേസെടുത്തു. എസ്. ശ്രീജിത്ത് ഐപിഎസിന്‍റെ പരാതിയിലാണ് കേസെടുത്തത്. ശബരിമല സ്വർണക്കൊള്ളയിൽ പൊലീസ് സേനയ്ക്കും പങ്കുണ്ടെന്ന് തെറ്റായ പ്രസ്താവന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു.
എസ്. ശ്രീജിത്ത് ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റായ കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നും ഇതിന് പൊലീസിനും പങ്കുണ്ടെന്ന വീഡിയോ ഷാജഹാൻ അപ്‍ലോഡ് ചെയ്തുവെന്നാണ് പരാതി. ഒന്നിലധികം വീഡിയോകളുണ്ടെന്നാണ് എഫ്ഐഐറിൽ പറയുന്നത്. 2025 ഒക്ടോബര്‍ 22 മുതൽ നവംബര്‍ 23 വരെയുള്ള ദിവസങ്ങളിലാണ് വീഡിയോ അപ്‍ലോഡ് ചെയ്തത്. പ്രസ്തുത വീഡിയോ മ്യൂസിയം പൊലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്.
അതിനിടെ കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. എല്ലാം തുടങ്ങിയത് മുരാരി ബാബുവെന്ന് ശ്രീകുമാർ മൊഴി നൽകി. മറ്റു ഉദ്യോഗസ്ഥർ മുരാരി പറഞ്ഞത് അനുസരിച്ച് കാര്യങ്ങൾ ചെയ്യുകയായിരുന്നു . എൻ. വാസുവും നിർദ്ദേശം നൽകിയിരുന്നതായും ശ്രീകുമാർ മൊഴി നൽകി. തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും കണ്ഠരര് മോഹനരുടെയും മൊഴിയും പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചു. എസ്ഐടി സമർപ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിക്കും. കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്‍റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും. കോടതിയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.