< Back
Kerala
Sherin
Kerala

സഹതടവുകാരിയെ മര്‍ദിച്ചു; കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്

Web Desk
|
27 Feb 2025 12:23 PM IST

കാരണവര്‍ വധക്കേസിൽ 14 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയായ ഷെറിന് ശിക്ഷാ ഇളവ് നല്‍കിയ മന്ത്രിസഭാ തീരുമാനം വിവാദത്തിന് വഴിവെച്ചിരുന്നു

കണ്ണൂര്‍: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. കണ്ണൂർ പള്ളിക്കുന്ന് വനിതാ ജയിലിൽ സഹതടവുകാരിയെ മർദിച്ചതിനാണ് ടൗൺ പൊലീസ് കേസെടുത്തത്. നല്ല നടപ്പ് ചൂണ്ടിക്കാട്ടി ശിക്ഷാ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് സഹ തടവുകാരിയായ വിദേശ വനിതയെ മർദിച്ചതിന് ഷെറിനെതിരെ കേസെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7. 45നാണ് കേസിനാധാരമായ സംഭവം. കുടിവെള്ളം എടുക്കാൻ പോയ സഹ തടവുകാരിയായ നൈജീരിയൻ വനിതയെ ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി. മർദനമേറ്റ തടവുകാരി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെയാണ് ജയിൽ വെൽഫെയർ ഓഫീസറുടെ പരാതിയിൽ ഷെറിനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. ഷെറിന് ശിക്ഷാ ഇളവ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിരുന്നു.

ജയിലിൽ നല്ല പെരുമാറ്റമെന്നും ശിക്ഷ ഇളവിന് യോഗ്യതയുണ്ടന്നുമായിരുന്നു വനിതാ ജയിൽ ഉപദേശക സമിതിയുടെ കണ്ടെത്തൽ. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലായിരുന്നു ശിക്ഷ ഇളവ് നൽകാനുള്ള തീരുമാനം. മന്ത്രിസഭ ശിപാർശ നിലവിൽ ഗവർണർക്ക് മുന്നിലാണ്. അതിനിടെയാണ് സഹ തടവ് കാരിയുടെ പരാതിയിൽ ഷെറിനെതിരെ വീണ്ടും കേസെടുത്തത്. ഭാസ്കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഷെറിൻ കഴിഞ്ഞ ഒന്നര വർഷമായി കണ്ണൂർ വനിതാ ജയിലിലാണ്.

2009 നവംബര്‍ എട്ടിനാണ് ചെങ്ങന്നൂര്‍ സ്വദേശി ഭാസ്‌കര കാരണവര്‍ കൊല്ലപ്പെടുന്നത്. മകന്‍റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേര്‍ന്നാണ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്. കാമുകനുമായുള്ള ബന്ധം കണ്ടുപിടിച്ചതിനെത്തുടര്‍ന്നാണ് ഭര്‍തൃപിതാവിനെ ഷെറിന്‍ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഈ ശിക്ഷ ഹൈക്കോടതിയും സുപ്രിം കോടതിയും ശരിവെച്ചിരുന്നു.

Similar Posts