
വേടനെതിരായ കേസ്: ഉദ്യോഗസ്ഥരെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയും വനംവകുപ്പ് മേധാവിയുടെ റിപ്പോര്‍ട്ട്
|'ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ല'
തിരുവനന്തപുരം: വേടനെതിരായ കേസിൽ വനംവകുപ്പിനെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയും വനംവകുപ്പ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകി. കേസെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ചെന്നാണ് ന്യായീകരണം. എന്നാൽ ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും മാധ്യമങ്ങളുമായി വിവരം പങ്കുവെച്ചതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ പറഞ്ഞു.
വേടനതിരായ സർക്കാർ നടപടിയിൽ സിപിഎം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഉദ്യോഗസ്ഥ തലത്തെ വീഴ്ച പരിശോധിക്കാൻ വനംമന്ത്രി നിർദേശം നൽകിയത്. വനംവകുപ്പ് മേധാവി നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇന്ന് ഉച്ചയോടെ വനം മന്ത്രി എ.കെ ശശീന്ദ്രന് കൈമാറി.
പൊലീസ് കൈമാറിയ കേസ് ആയതിനാലാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോയത്. ഇക്കാര്യത്തിൽ ചട്ടവിരുദ്ധമായി ഒന്നും ഉദ്യോഗസ്ഥർ ചെയ്തിട്ടില്ലെന്ന ന്യായീകരണമാണ് റിപ്പോർട്ടിന്റെ ആദ്യ ഭാഗങ്ങളിൽ ഉള്ളത്. എന്നാൽ ഉദ്യോഗസ്ഥ വീഴ്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മാധ്യമങ്ങളുമായി വിവരം പങ്കുവെച്ചതിലാണ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയത്. പുലി പല്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ ശ്രീലങ്കൻ ബന്ധം ആരോപിച്ചത് തെറ്റായ സന്ദേശമാണ് നൽകിയത്. ഇത് സർവീസ് ലംഘനമാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം 60, 62, 63 എന്നിവ ലംഘിച്ചു. ഡൽഹിയിൽ നിന്ന് മുഖ്യമന്ത്രി തിരികെയെത്തിയ ശേഷം വനംമന്ത്രി എ.കെ ശശീന്ദ്രന്‍, പിണറായി വിജയനുമായി കൂടിയാലോചിച്ച് തുടർപടികൾ തീരുമാനിക്കും. ഉദ്യോഗസ്ഥ വിഴ്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് കൊണ്ട് നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.