< Back
Kerala
Excess mercury; Cosmetics Products worth more than seven lakh rupees were seized
Kerala

'ഓപ്പറേഷൻ സൗന്ദര്യ' മൂന്നാം ഘട്ടം: വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ വിൽപ്പന നടത്തിയ 12 സ്ഥാപനങ്ങൾക്കെതിരെ കേസ്

Web Desk
|
10 Feb 2025 6:32 PM IST

ഒന്നര ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യ വർധക വസ്തുക്കൾ പിടിച്ചെടുത്തു.

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായുള്ള സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ 'ഓപ്പറേഷൻ സൗന്ദര്യ' മൂന്നാം ഘട്ടം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ ദിവസങ്ങളിൽ 101 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ലിപ്സ്റ്റിക്, ഫേസ് ക്രീം, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. മതിയായ ലൈസൻസുകളോ കോസ്‌മെറ്റിക്‌സ് റൂൾസ് 2020 നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമിച്ച് വിതരണം നടത്തിയ 12 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ഗുണനിലവാരമില്ലാത്ത ഒന്നര ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. 59 സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധന്ക്കയച്ചു. ഇവയുടെ പരിശോധനാഫലം വരുന്നതനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ സൗന്ദര്യ വർധക വസ്തുക്കളിൽ ശരീരത്തിന് ഹാനികരമാകുന്ന അളവിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഏകദേശം ഏഴ് ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്‌മെറ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുകയും ചെയ്തു. അന്ന് പരിശോധന്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായതിൽ കൂടുതൽ അളവിൽ മെർക്കുറിയുടെ അംശം കണ്ടെത്തിയിരുന്നു. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തിൽ ദൂഷ്യഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടർന്നാണ് പരിശോധനകൾ കൂടുതൽ കർശനമാക്കാൻ മന്ത്രി നിർദേശം നൽകിയത്.

സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പന്നങ്ങൾ മതിയായ ലൈസൻസോട് കൂടി നിർമിച്ചതാണോ എന്നും നിർമാതാവിന്റെ മേൽവിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബൽ പരിശോധിച്ച് വാങ്ങേണ്ടതാണ്. എന്തെങ്കിലും പരാതിയുള്ളവർ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിനെ 18004253182 എന്ന ടോൾ ഫ്രീ നമ്പരിൽ വിവരം അറിയിക്കേണ്ടതാണ്.

Related Tags :
Similar Posts