< Back
Kerala
പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ച കേസ്; ദിലീപിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
Kerala

പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ച കേസ്; ദിലീപിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Web Desk
|
11 Jan 2022 4:42 PM IST

നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ വാക്കാലുള്ള നിർദേശം. മുതിര്‍ന്ന അഭിഭാഷകന് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജാമ്യഹരജി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റിയത്.

മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് ഇത്തരമൊരു കേസെന്നും നാലു വർഷത്തിന് ശേഷം ചിലർ വെളിപ്പെടുത്തൽ നടത്തുന്നത് സംശയകരമാണെന്നും ജാമ്യഹരജിയിൽ പറയുന്നു.

ദിലീപും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. ഇതിന്റെ ശബ്ദരേഖകളും പുറത്തു വന്നിരുന്നു, ദിലീപിന്റെ സഹോദരന്‍ അനൂപ് സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടിയ മറ്റുള്ളവര്‍. പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം തേടിയത്.

ദിലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദിലീപ്, സഹോദരന്‍ അനൂപ് സഹോദരീ ഭര്‍ത്താവ് സുരാജ്. ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത വിഐപി, സുഹൃത്ത് ബൈജു, അപ്പു എന്നിവര്‍ക്കെതിരെയാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസാണ് ദിലീപിനെതിരെ പരാതി നല്‍കിയത്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

Similar Posts