
പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം നഷ്ടപ്പെട്ട കേസ്; ശാസ്ത്രീയ പരിശോധനയ്ക്ക് പൊലീസ്
|വിരലടയാളങ്ങൾ പരിശോധിക്കും
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ ശാസ്ത്രീയ പരിശോധനയ്ക്ക് പൊലീസ്. സ്വർണം തിരിച്ചു കിട്ടിയെങ്കിലും സ്ട്രോങ്ങ് റൂമിൽ നിന്ന് നഷ്ടമായത് എങ്ങനെ എന്ന് കണ്ടെത്താനാകാതെ വന്നതോടെയാണ് ശാസ്ത്രീയ പരിശോധനയ്ക്കുള്ള നീക്കം.
വീണ്ടെടുത്ത സ്വർണ്ണ ദണ്ഡിൽ പതിഞ്ഞിട്ടുള്ള വിരലടയാളങ്ങൾ പരിശോധിക്കും. സ്വർണം സ്ട്രോങ്ങ് റൂമിൽ നിന്ന് പുറത്തെത്തിക്കുകയും തിരിച്ചുകൊണ്ടുവരുകയും ചെയ്തിരുന്ന എട്ടംഗ സംഘത്തെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. എട്ടുപേരിൽ മൂന്നുപേർ സ്വർണപ്പണിക്കാരും അഞ്ചുപേർ ക്ഷേത്ര ജീവനക്കാരുമാണ്. ഇവരിൽ ഒരാൾ ഇപ്പോഴും പൊലീസിന്റെ കസ്റ്റഡിയിൽ തുടരുകയാണ്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരാനാണ് തീരുമാനം.
സ്വർണ്ണ ദണ്ഡ് കണ്ടെടുത്ത മണൽത്തട്ടിൽ സിസിടിവി ഇല്ലാത്തത് അന്വേഷണത്തെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. മോഷണം നടന്നിട്ടില്ലെങ്കിലും സ്ട്രോങ്ങ് റൂമിൽ നിന്ന് സ്വർണ്ണം നഷ്ടപ്പെട്ടതിന് പിന്നിൽ ജീവനക്കാർക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.