< Back
Kerala
പേരൂർക്കട വ്യാജ മോഷണക്കേസ്: ദലിത് യുവതിക്കെതിരെ കേസെടുത്തത് അന്വേഷണം നടത്താതെയെന്ന് എഫ്ഐആര്‍
Kerala

പേരൂർക്കട വ്യാജ മോഷണക്കേസ്: ദലിത് യുവതിക്കെതിരെ കേസെടുത്തത് അന്വേഷണം നടത്താതെയെന്ന് എഫ്ഐആര്‍

Web Desk
|
6 July 2025 12:14 PM IST

മുൻ എസ് ഐ പ്രസാദും ബിന്ദുവിനെ അന്യായമായി തടങ്കലിൽ വെച്ചെന്നും എഫ്ഐആര്‍

തിരുവനന്തപുരം:പേരൂർക്കട വ്യാജ മാല മോഷണ പരാതിയില്‍ ദലിത് യുവതിയായ ബിന്ദുവിനെതിരെ മുൻ എസ് ഐ പ്രസാദ് കേസ് എടുത്തത് അന്വേഷണം നടത്താതെയെന്ന് എഫ്ഐആര്‍. ബിന്ദുവിന്റെ പരാതിയിലെടുത്ത കേസിലെ എഫ്ഐആറിലാണ് ഈ വിവരമുള്ളത്. മുൻ എസ് ഐ പ്രസാദും ബിന്ദുവിനെ അന്യായമായി തടങ്കലിൽ വെച്ചെന്നും പ്രസാദും, എഎസ്ഐ പ്രസന്നകുമാറും ബിന്ദുവിനെ അസഭ്യം പറഞ്ഞെന്നും എഫ്ഐആറിലുണ്ട്.ബിന്ദുവിനെതിരെ വ്യാജ പരാതി നല്‍കിയ ഓമന ഡാനിയലും മകള്‍ നിഷയും വ്യാജമൊഴിയാണ് നല്‍കിയതെന്നും എഫ്ഐആറില്‍ പറയുന്നു. എഫ്ഐആറിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

ബിന്ദുവിന്റെ പരാതിയിൽ ഓമന ഡാനിയൽ, മകൾ നിഷ, കസ്റ്റഡിയിലെടുത്ത എസ്ഐ പ്രസാദ്, എഎസ്ഐ പ്രസന്നൻ എന്നിവരെ പ്രതിയാക്കി കേസെടുത്തു. പട്ടികജാതി പട്ടികവർ​ഗ കമ്മീഷന്റെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് സ്വദേശിയായ ബിന്ദു പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയത്.

അതേസമയം, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ബിന്ദു പറഞ്ഞു. ഓമനാ ഡാനിയലിന് വേണ്ടി കൂട്ടുനിന്ന പൊലീസുകാരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം. തന്‍റെ ഉപജീവനമാർഗ്ഗമാണ് ഇവർ ഇല്ലാതാക്കിതെന്നും മാല മോഷണം താൻ അറിയാത്ത കാര്യമാണെന്നും ബിന്ദു പറഞ്ഞു.

ബിന്ദു മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഓമന പരാതി നൽകിയത്. പിന്നീട് ഓമനയുടെ വീട്ടിൽ നിന്ന് തന്നെ മാല കണ്ടെത്തുകയായിരുന്നു. മാല നഷ്ടപ്പെട്ടത് ഏപ്രിൽ 18നാണെങ്കിലും പരാതി നൽകിയത് 23നായിരുന്നു. വീട്ടിൽ അറിയിക്കാതെ ഒരു രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിൽ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയായിരുന്നു.

Similar Posts