< Back
Kerala
Case registered against youtuber shameer
Kerala

ധർമസ്ഥല കൊലപാതക പരമ്പര സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ സമീറിനെതിരെ കേസ്

Web Desk
|
13 July 2025 9:38 PM IST

വീഡിയോയിൽ പരാതിക്കാരനായ സാക്ഷി ഔദ്യോഗിക പരാതിയിലും കോടതിയിലും നൽകിയതല്ലാത്ത കെട്ടിച്ചമച്ച വിശദാംശങ്ങൾ ഉൾപ്പെടുന്നുവെന്ന് ദക്ഷിണ കന്നട ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. അരുൺ കുമാർ പറഞ്ഞു.

മംഗളൂരു: ധർമസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെ ശവസംസ്കാര കേസുമായി ബന്ധപ്പെട്ട് എഐ ഉപയോഗിച്ച് നിർമിച്ച വീഡിയോയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് പൊതുജനങ്ങളിൽ പ്രകോപനം സൃഷ്ടിച്ചുവെന്നാരോപിച്ച് പ്രശസ്ത യൂട്യൂബർ സമീർ എംഡിക്കെതിരെ ധർമസ്ഥല പൊലീസ് കേസെടുത്തു.

വീഡിയോയിൽ പരാതിക്കാരനായ സാക്ഷി ഔദ്യോഗിക പരാതിയിലും കോടതിയിലും നൽകിയതല്ലാത്ത കെട്ടിച്ചമച്ച വിശദാംശങ്ങൾ ഉൾപ്പെടുന്നുവെന്ന് ദക്ഷിണ കന്നട ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. അരുൺ കുമാർ പറഞ്ഞു. ഈ വീഡിയോ യൂട്യൂബിൽ പ്രചരിപ്പിച്ചിട്ടുണ്ട്. വീഡിയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക മാത്രമല്ല സാക്ഷിയായ പരാതിക്കാരനെക്കുറിച്ചുള്ള കൂടുതൽ ഉള്ളടക്കങ്ങൾ വെളിപ്പെടുത്തുകയും ചെയ്തുവെന്നും എസ്പി പറഞ്ഞു.

സമീർ എം.ഡിക്കെതിരെ ബി.എൻ.എസ് 192, 240, 353 (1) (ബി) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്ത്. സമീറിനെതിരെ നേരത്തെയും പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. ധർമസ്ഥലയിൽ 2012 ഒക്ടോബറിൽ കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള വീഡിയോ അപ്‌ലോഡ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു അത്. മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു അന്നും ചുമത്തിയ കുറ്റം. അന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഏകദേശം 14 ദശലക്ഷം പേർ 39 മിനിറ്റ് ദൈർഘ്യമുള്ള ആ വീഡിയോ കണ്ടിരുന്നു.

ദക്ഷിണ കന്നഡയിലെ ധർമസ്ഥലയിൽ ഒട്ടേറെ കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്നും ആ മൃതദേഹങ്ങൾ പലതും താൻ കുഴിച്ചുമൂടിയിട്ടുണ്ട് എന്നുമായിരുന്നു മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ. സ്‌കൂൾകുട്ടികൾ ഉൾപ്പെടെയുള്ളവരെ ബലാത്സംഗം ചെയ്തു കൊന്നിട്ടുണ്ട്. ഒട്ടേറെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താൻ കത്തിച്ച് കുഴിച്ചുമൂടിയതായും ഇയാൾ അഭിഭാഷകൻ മുഖേന പൊലീസിന് നൽകിയ പരാതിയിൽ വെളിപ്പെടുത്തിയിരുന്നു. 1998-2014 കാലയളവിലാണ് ഇതൊക്കെ നടന്നത്. കുടുംബത്തെ അടക്കം കൊല്ലുമെന്ന ഭീഷണി വന്നതിനാൽ താൻ നാട് വിട്ടെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു.

Similar Posts