< Back
Kerala
അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ  ഇന്ന് കേസെടുക്കും
Kerala

അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്ന് കേസെടുക്കും

Web Desk
|
28 Nov 2025 6:19 AM IST

രാഹുലിനെ കസ്റ്റഡിയിലെടുക്കാനും ആലോചനയുണ്ട്

തിരുവനന്തപുരം: അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പൊലീസ് ഇന്ന് കേസെടുക്കും. രാഹുലിനെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി അന്വേഷണസംഘം വിശദമായ രേഖപ്പെടുത്തി. ഇവരുടെ പരാതിയും മൊഴിയും പരിശോധിച്ചശേഷമാകും ഏതെല്ലാം വകുപ്പുകൾ ചുമത്തണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുക.

രാഹുലിനെതിരായ പുതിയ പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാനാണ് ആലോചന. രാഹുലിനെ കസ്റ്റഡിയിലെടുക്കാനും ആലോചനയുണ്ട്. അതേസമയം മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ നീക്കം.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് യുവതി പരാതി നൽകിയത്. ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. പുതിയ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് അതിജീവിത പരാതി നൽകിയത്. ഫോൺ രേഖകളും മറ്റ് തെളിവുകളും പരാതിക്കൊപ്പം മുഖ്യമന്ത്രിക്ക് കൈമാറി. പീഡനപരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീരുമാനത്തിനനുസരിച്ച് നീങ്ങാനാണ് രാഹുലിന്റെ തീരുമാനം.

രാഹുലിനെതിരെ ഡിവൈഎഫ്ഐ വിവിധയിടങ്ങളിൽ പ്രതിഷേധിച്ചു. പീഡനത്തിന് ഇരയായ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്നും പോയത്.

മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം അറിഞ്ഞശേഷം പുറത്ത് വന്നാൽ മതിയെന്നാണ് രാഹുലിന്റെ തീരുമാനം. പരാതിക്കാരിക്കെതിരെ രാഹുലിന്റെ അഭിഭാഷകൻ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ എംഎൽഎ ഓഫീസിലെക്ക് മാർച്ച് നടത്തി. രാഹുലിന്റെ ഓഫീസിനകത്തേക്ക് പ്രവർത്തകർ ചാടിക്കയറി. റീത്തുമായി എത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കോഴിക്കോടും തൃശൂരും രാഹുലിന്റെ കോലം കത്തിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപെട്ട് പ്രതിഷേധം ശക്തമാക്കനാണ് ഡിവൈഎഫ്ഐ തീരുമാനം

പരാതി മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ലൈംഗിക ആരോപണത്തിൽ രാഹുലിനെതിരെ കൂടുതൽ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. കുറേക്കാലമായി യുവതി മാനസികമായി സമ്മർദത്തിലായിരുന്നു. അധിക്ഷേപവും അക്രമങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പരാതി നൽകാൻ തീരുമാനിച്ചത്.

രാഹുലും പെൺകുട്ടിയും തമ്മിലുള്ള ചാറ്റും ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു. കുഞ്ഞിനെ വേണമെന്ന് രാഹുൽ പറയുന്ന ചാറ്റും ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദരേഖയുമാണ് പുറത്തുവന്നത്.

Similar Posts