< Back
Kerala
യുവാവിനെ പെട്രോൾ പമ്പിൽ വെച്ച്  തലക്കടിച്ചു കൊലപ്പെടുത്തിയ കേസ്
Kerala

യുവാവിനെ പെട്രോൾ പമ്പിൽ വെച്ച് തലക്കടിച്ചു കൊലപ്പെടുത്തിയ കേസ്; രണ്ടുപേർ അറസ്റ്റിൽ

Web Desk
|
1 Sept 2023 6:47 AM IST

സഹോദരന്മാരായ ഷാൻ, ഷെഹീൻ എന്നിവരാണ് പിടിയിലായത്

കൊല്ലം: ചിതറയിൽ യുവാവിനെ പെട്രോൾ പമ്പിൽ വച്ച് തറയോട് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. സഹോദരന്മാരായ ഷാൻ, ഷെഹീൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ആക്രമണത്തിൽ ദർപ്പക്കാട് സ്വദേശി ബൈജു കൊല്ലപ്പെട്ടത്.

സൈദലി എന്ന് വിളിക്കുന്ന ബൈജുവിനെ എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഷാൻ, ഷെഹിൻ എന്നിർ അറസ്റ്റിലായത്. കൊല്ലപ്പെട്ട ബൈജു ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം മദ്യപിച്ച് യാത്ര ചെയ്യുകയായിരുന്നു. ഇതിനിടയിൽ കാറിൽ വച്ച് അസഭ്യം പറയുകയും വാക്കു തർക്കം നടത്തുകയും ചെയ്തുവെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പൊലീസിനോട് പറഞ്ഞു. തർക്കത്തിന് ഒടുവിലാണ് ചിതറ പെട്രോൾ പമ്പിൽ വച്ച് ബൈജുവിനെ ആക്രമിച്ചത്.

കൊല നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും കാറിൽ കടന്നു കളഞ്ഞ ഷാനും ഷെഹിനിയും ഏനാത്ത് നിന്നാണ് പിടിയിൽ ആയത്. പമ്പിൽ വച്ച് തന്നെ രണ്ട് പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചിരുന്നു. പ്രതികൾ ഉപയോഗിച്ചിരുന്ന കാറിൽ നിന്ന് മദ്യവും പൊലീസ് കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Similar Posts