< Back
Kerala
വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കണം; മുസ്‌ലിം ലീഗ്
Kerala

വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കണം; മുസ്‌ലിം ലീഗ്

Web Desk
|
5 Jan 2026 3:42 PM IST

വിഭാഗീയതയിലൂടെ നേട്ടം കൊയ്യാൻ സർക്കാർ ശ്രമിക്കുന്നുവെന്നും സംസ്ഥാന പ്രവർത്തക സമിതിയിൽ പ്രമേയം

കോഴിക്കോട്: വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കണമെന്ന് മുസ്‌ലിം ലീഗ്. പ്രചാരണം നടത്തുന്നവരെ സർക്കാർ നിലയ്ക്ക് നിർത്തണമെന്നും വിഭാഗീയതയിലൂടെ നേട്ടം കൊയ്യാൻ സർക്കാർ ശ്രമിക്കുന്നുവെന്നും സംസ്ഥാന പ്രവർത്തക സമിതിയിൽ പ്രമേയം. വെള്ളാപ്പള്ളിയുടെ പേര് പരാമർശിക്കാതെയാണ് പ്രമേയം. തെറ്റായ കാര്യങ്ങൾ പറയുന്നവരുടെ പേര് പറയേണ്ടതില്ലെന്ന് ന്യായീകരണം.

കേന്ദ്ര സ‍ർക്കാരിന് സമാനമായി സംസ്ഥാന സർക്കാർ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്നും മുസ്‌ലിം ലീഗ് ആരോപണം. ഇത് ജനാധിപത്യ വിരുദ്ധമായ ഫാസിസ്റ്റ് സമീപനമാണ്. പ്രതിപക്ഷ നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം ചെറുക്കും.

എസ്ഐആറിൽ ജാഗ്രതാ ക്യാമ്പ് നടത്താനും ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം. പഞ്ചായത്ത് തലങ്ങളിൽ ജനുവരി 10ന് പ്രവർത്തകരുടെ ക്യാമ്പ് നടത്തും. ബിജെപിക്ക് സ്വാധീനമുള്ള മേഖലകളിൽ അനർഹർ വോട്ടർപട്ടികയിൽ കയറിക്കൂടുന്നു. എസ്ഐആറിലൂടെയും ഇത് സംഭവിക്കാനിടയുണ്ട്. സിപിഎം മേഖലകളിൽ പുറത്താക്കപ്പെട്ടവരുടെ എണ്ണം കുറവ്. ബിഎൽഒമാരെ ഉപയോഗിച്ച് സിപിഎം ചെയ്തതാണെന്നും ജനറൽ സെക്രട്ടറി പിഎംഎ സലാം.

ജനുവരി 15 ന് മുൻപ് യുഡിഎഫിലെ സീറ്റ് വിഭജനം പൂർത്തിയാക്കണം എന്നാണ് തീരുമാനം. അതിനു മുൻപ് ഉഭയകക്ഷി ചർച്ച നടക്കും. ലീഗിന് അധിക സീറ്റിന് അർഹതയുണ്ട്. മുന്നണിയുടെ അടിത്തറ ശക്തിപ്പെടുത്തും. യുഡിഎഫിൻ്റെ ആശയങ്ങളുമായി യോജിക്കുന്ന എല്ലാവരെയും സഹകരിപ്പിക്കും. സീറ്റ് വെച്ചുമാറുന്നതിൽ പല ജില്ലാ കമ്മിറ്റികളും ആവശ്യമുന്നയിച്ചിട്ടുണ്ട്. കോൺഗ്രസുമായി ആലോചിച്ച് തീരുമാനിക്കും. വിജയസാധ്യതയാണ് സ്ഥാനാർഥിത്വത്തിനുള്ള പ്രഥമ പരിഗണന. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ടേം വ്യവസ്ഥയിൽ തീരുമാനം എടുത്തിട്ടില്ലെന്നും പിഎംഎ സലാം.

Similar Posts