
കേരള സര്‍വകലാശാലയിലെ ജാതിയധിക്ഷേപം; പരാതിക്കാരനായ ഗവേഷണ വിദ്യാര്‍ഥിയുടെ വാദം ഇന്ന് കേൾക്കും
|ഡീന്‍ സിഎന്‍ വിജയകുമാരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരാതിക്കാരന്‍റെ വാദം കേൾക്കുന്നത്
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപക്കേസില്‍ പരാതിക്കാരനായ ഗവേഷണ വിദ്യാര്‍ത്ഥിയുടെ ഹിയറിംഗ് ഇന്ന്. നെടുമങ്ങാട് എസ്ടി കോടതിയിലാണ് വിപിന്‍ വിജയന്‍ ഹാജരാകുന്നത്. ഡീന്‍ സിഎന്‍ വിജയകുമാരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹിയറിങ്. വിപിന്‍ വിജയന്റെ ജാതി അധിക്ഷേപ പരാതിയില്‍ വിജയകുമാരിക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പോലീസ് കേസെടുത്തിരുന്നു.
ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പരാതിക്കാരന്റെ ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കാമെന്നായിരുന്നു കോടതി നിലപാട്. ഗവേഷണ പ്രബന്ധത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിലെ ദേഷ്യവും രാഷ്ട്രീയ പകപോക്കലുമാണ് വിപിന്റെ പരാതിക്ക് അടിസ്ഥാനമെന്നാണ് അധ്യാപികയുടെ വാദം.
നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് ചൂണ്ടിക്കാണിച്ച് വിസിക്കും വിപിന്‍ പരാതി നൽകിയിട്ടുണ്ട്. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയിൽ പറയുന്നു. പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചിരുന്നു.