
കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന വിവാദം: ഇനി കഴകക്കാരനാകാനില്ലെന്ന് ബാലു
|‘താൻ കാരണം ഇനി ഒരു പ്രശ്നമുണ്ടാകാൻ ആഗ്രഹിക്കുന്നില്ല’
തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരൻ ആകാൻ ഇനിയില്ലെന്ന് ബാലു മീഡിയാവണിനോട് പറഞ്ഞു. താൻ കാരണം ഇനി ഒരു പ്രശ്നമുണ്ടാകാൻ ആഗ്രഹിക്കുന്നില്ല. കഴകക്കാരനായി ഇനി ജോലി നോക്കേണ്ടെന്നാണ് കുടുംബത്തിന്റെയും തന്റെയും തീരുമാനം.
തൻറെ നിയമനത്തിൽ തന്ത്രിമാർക്ക് താൽപ്പര്യമില്ല എന്നറിഞ്ഞത് വിഷമം ഉണ്ടാക്കി. തസ്തിക മാറ്റിയുള്ള ഉത്തരവ് ലഭിച്ചപ്പോഴാണ് അത് അറിയുന്നത്. പതിനേഴാം തീയതി തിരികെ ജോലിയിൽ പ്രവേശിക്കും. വർക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി തന്ന ഓഫീസ് ജോലി ചെയ്തോളാമെന്നും ബാലു വ്യക്തമാക്കി.
ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് വഴിയാണ് ബാലുവിന് നിയമനം ലഭിച്ചത്. തന്ത്രി, വാര്യർ സമാജം എതിർപ്പിനെ തുടർന്നാണ് കഴകക്കാരനെ മാറ്റിയത്. ബാലുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ആറ് തന്ത്രിമാർ ദേവസ്വത്തിന് കത്തുനൽകി.എന്നാല്‍, സ്ഥലംമാറ്റം താൽക്കാലികമെന്നാണ് ദേവസ്വം ബോർഡിന്‍റെ വിശദീകരണം.
ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിക്കപ്പെട്ടത്. അന്നുമുതൽ ബാലുവിനെ മാറ്റുന്ന മാർച്ച് 7 വരെ തന്ത്രി കുടുംബങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്നും വിട്ടുനിന്നു. ഈഴവ സമുദായത്തിൽപ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിർപ്പിന് കാരണം.
അതേസമയം, കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തിൽ ദേവസ്വം ബോർഡിനും തന്ത്രിമാർക്കുമെതിരെ കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് ചെയർമാൻ രംഗത്തുവന്നു. ജാതിവിവേചനം കാണിച്ച തന്ത്രിമാരെയാണ് മാറ്റേണ്ടതെന്ന് അഡ്വ. കെ.ബി മോഹൻദാസ് മീഡിയവണിനോട് പറഞ്ഞു. ബാലുവിനെ മാറ്റിയ വിവരം റിക്രൂട്ട്മെന്റ് ബോർഡിനെ അറിയിച്ചിട്ടില്ല. ദേവസ്വം ബോർഡ് അതിന് കീഴ്‍പ്പെടാൻ പാടില്ലാത്തതായിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള നിയമനങ്ങൾ നിർത്തലാക്കണമെന്നും ജാതി വിവേചനം തന്നെയാണ് മാറ്റാൻ കാരണമെന്ന് മനസ്സിലാക്കുന്നെന്നും കെ.ബി മോഹൻദാസ് പ്രതികരിച്ചു.