< Back
Kerala
രേഖാമൂലം ആരും പരാതി നല്‍കിയിട്ടില്ല, ജാതി വിവേചനം ഉണ്ടായെന്ന് പറയാൻ കഴിയില്ല; കൂടൽമാണിക്യം ദേവസ്വം
Kerala

'രേഖാമൂലം ആരും പരാതി നല്‍കിയിട്ടില്ല, ജാതി വിവേചനം ഉണ്ടായെന്ന് പറയാൻ കഴിയില്ല'; കൂടൽമാണിക്യം ദേവസ്വം

Web Desk
|
11 March 2025 9:50 AM IST

ബാലുവിന് ഓഫീസ് ജോലിയില്‍ തുടരാനാകില്ലെന്ന് ദേവസ്വം ചെയർമാൻ സി. കെ. ഗോപി മീഡിയവണിനോട്

തൃശൂര്‍ :ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടായെന്ന് പറയാൻ കഴിയില്ലെന്ന് കൂടൽമാണിക്യം ദേവസ്വം. കഴകക്കാരൻ ബാലുവോ മറ്റാരെങ്കിലുമോ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. തന്ത്രിമാരുടെ എതിർപ്പിനെ തുടർന്നാണ് ബാലുവിനെ ഓഫീസിലേക്ക് മാറ്റിയത്. തൊഴിൽ ക്രമീകരണത്തിന്റെ ഭാഗമായി മാറ്റിയ നിലവിലെ ജോലിയിൽ ഇനി തുടരാനാവില്ല. ബാലുവിന്റെ താൽപര്യത്തിനനുസരിച്ചുള്ള ജോലിക്ക് അപേക്ഷ നൽകിയാൽ സർക്കാരിലേക്ക് കൈമാറും. തീരുമാനമെടുക്കേണ്ടത് സർക്കാറാണെന്നും ദേവസ്വം ചെയർമാൻ സി. കെ. ഗോപി മീഡിയവണിനോട് പറഞ്ഞു.

കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരൻ ആകാൻ ഇനിയില്ലെന്ന് ബാലു മീഡിയവണിനോട് പറഞ്ഞിരുന്നു. താൻ കാരണം ഇനി ഒരു പ്രശ്നമുണ്ടാകാൻ ആഗ്രഹിക്കുന്നില്ല. കഴകക്കാരനായി ഇനി ജോലി നോക്കേണ്ടെന്നാണ് കുടുംബത്തിന്റെയും തന്റെയും തീരുമാനം. തൻറെ നിയമനത്തിൽ തന്ത്രിമാർക്ക് താൽപ്പര്യമില്ല എന്നറിഞ്ഞത് വിഷമം ഉണ്ടാക്കി. തസ്തിക മാറ്റിയുള്ള ഉത്തരവ് ലഭിച്ചപ്പോഴാണ് അത് അറിയുന്നത്. പതിനേഴാം തീയതി തിരികെ ജോലിയിൽ പ്രവേശിക്കും. വർക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി തന്ന ഓഫീസ് ജോലി ചെയ്തോളാമെന്നും ബാലു വ്യക്തമാക്കി.

ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് വഴിയാണ് ബാലുവിന് നിയമനം ലഭിച്ചത്. തന്ത്രി, വാര്യർ സമാജം എതിർപ്പിനെ തുടർന്നാണ് കഴകക്കാരനെ മാറ്റിയത്. ബാലുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ആറ് തന്ത്രിമാർ ദേവസ്വത്തിന് കത്തുനൽകി.എന്നാല്‍, സ്ഥലംമാറ്റം താൽക്കാലികമെന്നാണ് ദേവസ്വം ബോർഡിന്‍റെ വിശദീകരണം.

ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിക്കപ്പെട്ടത്. അന്നുമുതൽ ബാലുവിനെ മാറ്റുന്ന മാർച്ച് 7 വരെ തന്ത്രി കുടുംബങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്നും വിട്ടുനിന്നു. ഈഴവ സമുദായത്തിൽപ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിർപ്പിന് കാരണം.

Similar Posts