
'തിരുവമ്പാടി സീറ്റിൽ കത്തോലിക്കൻ തന്നെ മത്സരിക്കണം'; കോൺഗ്രസിൽ സമ്മർദവുമായി കത്തോലിക്കാസഭ
|പെന്തകോസ്ത് വിഭാഗത്തിൽപെട്ട വി.എസ് ജോയിക്ക് വേണ്ടിയാണ് കോൺഗ്രസ് ഈ സീറ്റ് ലീഗുമായി വെച്ചുമാറാൻ ശ്രമിക്കുന്നത്.
കൊച്ചി: തിരുവമ്പാടി സീറ്റ് മുസ്‌ലിം ലീഗുമായി വെച്ചുമാറി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയെ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നീക്കത്തിന് വെല്ലുവിളിയായി കത്തോലിക്കാസഭയുടെ സമ്മർദം. തിരുവമ്പാടിയൽ കോൺഗ്രസ് ആണ് മത്സരിക്കുന്നതെങ്കിൽ ഒരു കത്തോലിക്കാ വിശ്വാസി തന്നെ സ്ഥാനാർഥിയാകണമെന്ന് സഭ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. പെന്തകോസ്ത് വിഭാഗത്തിൽപെട്ട വി.എസ് ജോയിക്ക് വേണ്ടിയാണ് കോൺഗ്രസ് ഈ സീറ്റ് ലീഗുമായി വെച്ചുമാറാൻ ശ്രമിക്കുന്നത്.

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെപിസിസി പ്രസിസഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർക്ക് മുന്നിലാണ് സഭാ നേതൃത്വം ഈ ആവശ്യം ഉന്നയിച്ചത്. തിരുവമ്പാടിയിലെ ക്രൈസ്തവ ജനസംഖ്യ ഹിന്ദു, മുസ്‌ലിം ജനസംഖ്യയേക്കാൾ കുറവാണ്. 19-22 ശതമാനം ക്രൈസ്തവരാണ് ഈ മണ്ഡലത്തിലുള്ളതെന്നാണ് കണക്ക്. എന്നാൽ തിരുവമ്പാടി ക്രൈസ്തവ മണ്ഡലമാണെന്ന് സ്ഥാപിക്കാൻ സഭ നിരന്തരം ആസൂത്രിതമായ ഇടപെടലുകൾ നടത്താറുണ്ട്. അതിന്റെ തുടർച്ചയാണ് പുതിയ ആവശ്യം.

2016ലും 2021ലും ഈ സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് ക്രൈസ്തവനെ സ്ഥാനാർഥിയാക്കണമെന്ന് താമരശ്ശേരി രൂപത ആവശ്യപ്പെട്ടിരുന്നു. എന്നാൽ സീറ്റ് വിട്ടുകൊടുക്കാൻ ലീഗ് തയ്യാറായിരുന്നില്ല.